kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം: വി ഡി സതീശന്‍

By webdesk17

February 11, 2026

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും സതീശന്‍ പറഞ്ഞു.

വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്ന് പ്രതീക്ഷിരുന്നെന്നും അത് ലഭിക്കാത്തതിനാലാണ് സ്വന്തമായി ഭൂമി കണ്ടെത്തിയതെന്നും സതീശന്‍ പറഞ്ഞു. പത്തോളം സ്ഥലങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുയോജ്യമായ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന റോഡില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്ഥലം. കൃത്യമായ വഴിയൗകര്യങ്ങളുള്ള ഈ ഭൂമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പൂര്‍ത്തിയാക്കിയ വീടുകളുടെ അതേ നിര്‍മ്മാണ ഏജന്‍സി തന്നെയാണ് കോണ്‍ഗ്രസിന്റെ പദ്ധതിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ നിധിയില്‍ കോടിക്കണക്കിന് രൂപ ഉണ്ടായിട്ടും സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.