editorial

മുന്നാ ഭായ് ഫ്രം സി.പി.എം

By webdesk18

December 07, 2025

പാലങ്ങളില്‍ നല്ലൊരു പാലം ചാലക്കുടി പാലം… പാലം പാലം നല്ല നടപ്പാലം…. എന്നൊക്കെ മലയാളികള്‍ പാടി നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അപ്പോഴും ഏറ്റവും നല്ല പാലം ഏതെന്ന ചോദ്യം പിന്നെയും അവശേഷിക്കുകയായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച പാലം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും കേരളത്തിലെ പിണറായി സര്‍ക്കാറും തമ്മില്‍ ബന്ധിപ്പിക്കുന്ന സി.പി.എമ്മിന്റെ രാജ്യസഭാ സാമാജികനുമായ ജോണ്‍ ബ്രിട്ടാസാണെന്നാണ് ഇപ്പോള്‍ പറയുന്നത്. മറ്റൊന്നുമല്ല കേരളത്തെ സംഘ്പരിവാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിലേക്ക് കൂട്ടിക്കെട്ടിയതിന് പിന്നില്‍ പാലമായി പ്രവര്‍ത്തിച്ചത് ബ്രിട്ടുവായിരുന്നുവത്രേ!.

ഉണ്ടോ ഉണ്ടോ എന്നൊക്കെ കേരളത്തിലെ മത സംഘടനകളുടെ വേദിയില്‍ ആര്‍ത്തലച്ചയാള്‍ അവിടെ പോയി ബി.ജെ.പിക്കൊപ്പം ഉണ്ണുന്ന കാഴ്ച കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. സിനിമയിലെ മുന്നയൊക്കെ എന്ത്. യഥാര്‍ത്ഥ മുന്നയായിരുന്നു ഇവിടെ എല്ലാവരേയും ധാര്‍മികത പഠിപ്പിച്ചിരുന്നതെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ഫാസിസത്തിനെതിരെ കേരള വേദികളില്‍ ഉറഞ്ഞ് തുള്ളുകയും ഡല്‍ഹിയിലെത്തിയാല്‍ ഫാസിസ്റ്റുകളുമായി പാലം പണിയുകയുമായിരുന്നുടിയാനെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇത് വെറുതെ അങ്ങ് സമര്‍പ്പിച്ച തൊന്നുമല്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെ നല്ല ഭംഗിക്ക് ഇദ്ദേഹത്തിന്റെ റോള്‍ മാലോകര്‍ മുഴുവന്‍ കേള്‍ക്കാന്‍ വിളിച്ചു പറഞ്ഞു. ബ്രിട്ടാസ് വെറുമൊരു എം.പിയല്ല.

സി.പി.എമ്മിന്റെ ചാനലായ കൈരളിയുടെ എം.ഡിയും സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമൊക്കെയാണ്. പാര്‍ട്ടിയില്‍ കൂറ്റനാട് നിന്നും എറണാകുളത്തേക്ക് കെറെയില്‍ വഴി അപ്പം വില്‍ക്കാമെന്ന സിദ്ധാന്തക്കാരനായ ഗോവിന്ദന്‍ കഴിഞ്ഞാല്‍ സി.പി.എമ്മുകാരുടെയും പിണറായിക്കു വേണ്ടി ഹായ് ഹോയ് വിളിക്കുന്ന അഭിനവ പി.ആര്‍ ഏജന്റുമാരുടെ ബുദ്ധിജീവികൂടിയാണ്. പക്ഷേ ധര്‍മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലോടെ ഒറ്റയടിക്കാണ് കെട്ടിപ്പൊക്കിയ ദന്തഗോപുരത്തില്‍ നിന്നും മൂക്കും കുത്തി താഴെ വീണത്. പാര്‍ട്ടിയിലും മുന്നണിയിലും മന്ത്രിസ്ഭയിലും ചര്‍ച്ച ചെയ്യാതെ രഹസ്യമായുള്ള പി.എം ശ്രീ പദ്ധതിയിലെ ഒപ്പിടലിനു ബ്രിട്ടാസ് പാലമായത് ആരുടെ താല്‍ പര്യപ്രകാരമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കേരളം പി.എം ശ്രീ കരാറില്‍ ഒപ്പിട്ട ഘട്ടത്തില്‍ തന്നെ മന്ത്രി പ്രധാന്‍ നന്ദി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും ജോണ്‍ ബ്രിട്ടാസിനുമാണ്. ആ ഇടനിലയാണ് അദ്ദേഹം രാജ്യസഭയിലും സാക്ഷ്യപ്പെടുത്തിയത്.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയത്തിനെതിരെയും അതു സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെയും രാജ്യസഭയിലടക്കം പ്രസംഗിച്ചിട്ടുള്ളയാളാണ് ബ്രിട്ടാസ്. അതേ നയത്തിനു സംസ്ഥാനത്തേക്കു വാതില്‍ തുറന്നുകൊടുക്കുന്ന പദ്ധതിയായ പി.എം ശ്രീക്കു വഴിവെ ട്ടാനാണ് അദ്ദേഹം രഹസ്യ ഇടനിലക്കാരനായത്. സ്ഥിരം സി.പി.എം തന്ത്രം തന്നെ വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന്. ഇതേ തന്ത്രം തന്നെയാണ് പാര്‍ട്ടിയും സ്വീകരിച്ചിരുന്നത്. കേരളം രഹസ്യമായി ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷവും പി. എം ശ്രീയെയും എന്‍.ഇ.പിയെയും ശക്തമായി എതിര്‍ക്കുന്ന സമീപനമാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും സ്വീകരിച്ചത്. എന്നാല്‍, അതേ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ബ്രിട്ടാസാണ് ഒപ്പിടലിനു ചരടുവലിച്ചതെന്നു വ്യക്തമാകുമ്പോള്‍ പാര്‍ട്ടി നിലപാടിന്റെയൊക്കെ വിശ്വാസ്യത കീറച്ചാക്കാണെന്ന് ഉറപ്പായി.

ഒക്ടോബര്‍ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമാ യും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഒപ്പിടാനുള്ള രഹസ്യ തീരുമാനമുണ്ടായത്. ഒരാഴ്ചയ്ക്കകം ധാരണാപത്രത്തിന്റെ കരടുരേഖ തയാറായി. ഒക്ടോബര്‍ 23നു ഡല്‍ഹിയില്‍ ഒപ്പിട്ടു. സിപിഎം-ബിജെപി, നരേന്ദ്ര മോദി-പിണറായി വിജയന്‍ രഹസ്യ സഖ്യങ്ങളുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കേരള സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഡിലുകള്‍ കുറച്ചുനാളായി നാം കാണുകയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയുമൊക്കെ കൂട്ടിവായിച്ച് പി.എം ശ്രീയിലും ലേബര്‍ കോഡിലുമെല്ലാം ഒത്തുകളിയാണെന്ന് നേരത്തെ തന്നെ തലക്കകത്ത് ആള്‍താമസമുള്ളവര്‍ക്കൊക്കെ മനസിലായതാണ്. മലയാള നാടിന് വേണ്ടി ആര്‍.എസ്.എസിന്റെ ധാരണാ പത്രങ്ങള്‍ ഒപ്പിടുന്ന പണി ഒരു വഴിക്കും മറ്റുള്ളവരെ ഉപദേശിക്കുന്ന പണി മറ്റൊരു വഴിക്കും നടത്തുന്ന ബ്രിട്ടാസ് ഇനി ഇത് അവസാനിപ്പിക്കണം.

ആര്‍.എസ്.എസും സംഘ്പരിവാറും എഴുതി നല്‍കിയ വാറോലകള്‍ ഒപ്പിട്ട് കേരളത്തിലെ ക്യാമ്പസുകളെ കാവിവത്കരിക്കാന്‍ ബ്രിട്ടാസിനെ ഏല്‍പിച്ച യൂദാസാരാണെന്ന് ഇനി അറിയേണ്ടത്. രഹസ്യ ചര്‍ച്ചകളും സംഘപരിവാര്‍ വിധേയത്വവുമൊന്നും സി.പി.എ മ്മിന് പുത്തരിയല്ല. മുഖ്യമന്ത്രി തന്നെ ശ്രീ എമ്മുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന് ആവശ്യമായതെല്ലാം നല്‍കിയ ആളാണ്. ബ്രിട്ടാസ് പാലമായെന്ന് സ്വയം സമ്മതിച്ചതിന് പിന്നാലെ പിന്തുണയുമായി മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും എത്തിയതോടെ ഇത് പരസ്യമായ രഹസ്യമായിരുന്നുവെന്ന് ഉറപ്പായി. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ബ്രിട്ടാസ് നിര്‍വഹിച്ചതെന്നാണ് നേരത്തെ തന്നെ എയറിലായയേ റഹിമിക്ക പറയുന്നത്. കേരളത്തെ സംഘ്പരിവാര്‍ ആലയില്‍ കൊണ്ട് കെട്ടുന്നതാണോ ഭരണഘടനാപരമായ ഉത്തരവാദിത്തമെന്നൊന്നും ചോദിക്കരുത്.

തിരഞ്ഞെടുപ്പ് വേളയില്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ സര്‍വ സാധാരണമാണ്. മുഖ്യന് ഇ.ഡി പ്രേമ ലേഖനം പോലെ ഓരോ നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പ് കഴിയുവോളം ഇ.ഡി വേ ട്ടയെന്ന് മുഖ്യനും സംഘവും ആരോപിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇ.ഡി പൊടിയും തട്ടി സ്ഥലം വിടും. ഇതൊക്കെ കണ്ടും കേട്ടും മടുത്ത മലയാളിക്ക് ബ്രിട്ടാസിന്റെ പാലമൊന്നും പുതുമയേ അല്ല. ജോണ്‍ ബ്രിട്ടാസ് പാലം ആകുന്നതിന് മുന്‍പ് നിതിന്‍ ഗഡ്കരിയാണ് മുഖ്യമന്ത്രിയും ബിജെ പിയും തമ്മിലുള്ള പാലം ആയത്. അമിത് ഷാ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും. ഡീലിന്റെ കാര്യത്തില്‍ മുഖ്യന്റെ ശിഷ്യന്‍ മാത്രമേ ബ്രിട്ടാസിന് ആവാന്‍ കഴിയൂ.