kerala

മൂന്നാറിലേക്ക് ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആദ്യയാത്ര മലപ്പുറത്തു നിന്ന്

By web desk 1

October 11, 2021

മലപ്പുറം: സംസ്ഥാനത്താദ്യമായി ടൂര്‍ പാക്കേജ് ആരംഭിച്ച് കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ മലപ്പുറം ഡിപ്പോയില്‍ നിന്ന് മൂന്നാറിലേക്കാണ് വിനോദ സഞ്ചാരം.

എല്ലാ ശനിയാഴ്ചയും ഉച്ചക്ക്് ഒരു മണിക്ക് മലപ്പുറത്തു നിന്ന് പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസ് രാത്രി ഏഴരയോടു കൂടി മൂന്നാറിലെത്തും. രാത്രി ഡിപ്പോയിലെ സ്ലീപ്പര്‍ കോച്ചില്‍ ഉറക്കം. തുടര്‍ന്ന് ഞായറാഴ്ച രാവിലെ കെഎസ്ആര്‍ടിസി സൈറ്റ് സീയിങ് ബസില്‍ കറങ്ങി മൂന്നാറിലെ കാഴ്ചകള്‍ കണ്ട ശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങും.

മൂന്നാര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത് മലപ്പുറത്തു നിന്നായതുകൊണ്ടാണ് ടൂര്‍ പാക്കേജിന്റെ ആദ്യഘട്ടം ജില്ലയില്‍ നിന്നു തന്നെ തുടങ്ങുന്നത്. പദ്ധതി വിജയിച്ചാല്‍ മറ്റു ജില്ലകളില്‍ നിന്നും പാക്കേജ് സര്‍വീസ് ആരംഭിക്കും.

പാക്കേജ് നിരക്ക് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ ഉത്തരവ് ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനവര്‍ധനയും കുറഞ്ഞ ചെലവില്‍ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകര്‍ഷിക്കുക എന്നതുമാണ് ടൂര്‍ പാക്കേജിന്റെ ലക്ഷ്യം.