india

‘ആര്‍.എസ്.എസ് യോഗങ്ങള്‍ക്ക് പിന്നാലെ കൊലപാതകങ്ങള്‍’; വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്

By nazmiya nazreen

July 11, 2026

മുന്‍കാലങ്ങളില്‍ ആര്‍.എസ്.എസ് യോഗങ്ങള്‍ നടന്നതിന് തൊട്ടുപിന്നാലെയാണ് ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും വധിക്കപ്പെട്ടതെന്ന വിവാദ ആരോപണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ആരംഭിച്ച ആര്‍.എസ്.എസ് സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.’ആര്‍.എസ്.എസ് എന്തിനാണ് ബെളഗാവിയില്‍ യോഗം ചേരുന്നതെന്ന് എനിക്ക് അറിയില്ല. സമ്മേളനം കഴിയട്ടെ, അതിന് ശേഷം ഞങ്ങള്‍ പ്രതികരിക്കും. മുമ്പ് ആര്‍.എസ്.എസ് യോഗങ്ങള്‍ നടന്നപ്പോഴെല്ലാം, സാമൂഹികപ്രവര്‍ത്തകരും എഴുത്തുകാരുമായിരുന്ന ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി, പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു സമ്മേളനം നടക്കുകയാണ്. ഇനി എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം. അതിന് ശേഷമായിരിക്കും ഞങ്ങളുടെ പ്രതികരണം’- ബി.കെ. ഹരിപ്രസാദ്ഭരണഘടനയെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്നും അതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സംഘടനയെന്ന നിലയില്‍ ആര്‍.എസ്.എസിനോടല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങള്‍ അംഗീകരിക്കാത്ത അവരുടെ ആശയങ്ങളോടാണ് തനിക്ക് എതിര്‍പ്പുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സമാഹരിച്ച ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്ന കേസ് ഉയര്‍ത്തിക്കാട്ടി ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

അതിനിടെ, ആര്‍.എസ്.എസിന്റെ വാര്‍ഷിക അഖില ഭാരതീയ പ്രാന്ത് പ്രചാരക് ബൈഠക് ബെളഗാവിയില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാന്ത് പ്രചാരകരും സഹപ്രാന്ത് പ്രചാരകരും പ്രമുഖ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ എന്നിവരാണ് സമ്മേളനത്തിലെ മുഖ്യാതിഥികള്‍.സംഘടനയുടെ ശതാബ്ദി വര്‍ഷ പരിപാടികളുടെ അവലോകനമാണ് ഈ യോഗത്തിലെ പ്രധാന അജണ്ട. കൂടാതെ ശാഖകള്‍ വിപുലപ്പെടുത്താനുള്ള പദ്ധതികള്‍, വരും വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മോഹന്‍ ഭാഗവത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബെളഗാവിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ബെളഗാവിയില്‍ നടക്കുന്ന ആര്‍.എസ്.എസ് സമ്മേളനത്തിന് സര്‍ക്കാരിന്റെ അനുമതിയുണ്ടോ എന്നതിനെച്ചൊല്ലി സംസ്ഥാനത്ത് നേരത്തെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന സമ്മേളനത്തിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കിയതോടെ ഈ വിവാദങ്ങള്‍ക്ക് താല്കാലിക ശമനമായി. അതേസമയം, പൊതുനിരത്തില്‍ റാലിയോ പ്രകടനങ്ങളോ നടത്തുകയാണെങ്കില്‍ നിയമപ്രകാരം പൊലീസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.