News

ഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍

By webdesk18

January 03, 2026

റിയാദ്: കനത്ത മഴയും കൊടുങ്കാറ്റും മൂലം ഗസ്സയിലെ നിത്യജീവിതം ശോചനീയമായതില്‍ ആശങ്ക പ്രകടിപ്പിച്ച് എട്ട് മുസ്ലിം രാജ്യങ്ങള്‍. സഊദി, ജോര്‍ദാന്‍, യുഎഇ, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ആശങ്ക പ്രകടിപ്പിച്ചത്. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കാലാവസ്ഥാ മാറ്റം മൂലം ഗസ്സയിലുണ്ടായ അവസ്ഥ ചൂണ്ടിക്കാട്ടിയത്.

അസ്ഥിര കാലാവസ്ഥയില്‍ മതിയായ സഹായത്തിന്റെ അഭാവം, ജീവന്‍ രക്ഷാ വസ്തുക്കളുടെ രൂക്ഷക്ഷാമം, അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യത എന്നിവയാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. അപര്യാപ്തമായ ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന ഏകദേശം 19 ലക്ഷം ജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. ക്യാമ്പുകള്‍ പലതും വെള്ളപ്പൊക്കത്തില്‍ മുങ്ങി.

ടെന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടങ്ങളും തകര്‍ന്നു, താപനില വളരെ താഴ്ന്ന നിലയിലെത്തി. പോഷകാഹാരക്കുറവുമുണ്ടായി. ഇതെല്ലാം സാധാരണക്കാര്‍ക്ക് അപകടസാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും മന്ത്രിമാര്‍ പറഞ്ഞു. കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ബാധിച്ചതെന്നും ചൂണ്ടിക്കാട്ടി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുഎന്നിനും അന്താരാഷ്ട്ര എന്‍ജിഒ കള്‍ക്കും നിയന്ത്രണങ്ങളില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് ഇസ്രാഈല്‍ ഉറപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കാന്‍ ഇസ്രാഈലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മന്ത്രിമാര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമഗ്ര പദ്ധതിയില്‍ നിര്‍ദേശിച്ച പോലെ റഫ അതിര്‍ത്തി തുറക്കണമെന്നും പറഞ്ഞു. യു.എന്‍.എ സ്.സി.ആര്‍, ട്രംപിന്റെ സമഗ്ര പദ്ധതി എന്നിവക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി അവര്‍ വ്യക്തമാക്കി.