മുസ്‌ലിം വിദ്വേഷ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത 65 കാരന്‍ അബ്ദുല്‍ സലാം എന്ന വയോധികനെ ഇരുമ്പുപകരണങ്ങള്‍ ഉപയോഗിച്ച് അടിച്ചുകൊന്ന് അക്രമികള്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ജമാല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഝാഗറുവാ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തില്‍ ചെറിയ കട നടത്തിവന്നിരുന്ന സലാം കടയിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. ഗ്രാമവാസികളുടെ വിവരമനുസരിച്ച്, മനീഷ് കുമാര്‍ റാം എന്നയാളുടെ ഇഷ്ടിക മോഷണം പോയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.
തര്‍ക്കത്തിനിടെ മനീഷ് കുമാര്‍ റാമിന്റെ അമ്മ വിമലാ ദേവി മുസ്ലിംകളെയാകെ കുറ്റം പറയുന്ന പരാമര്‍ശങ്ങള്‍ നടത്തിയതായാണ് ആരോപണം. അതേസമയം അതിലൂടെ കടന്നുപോയ അബ്ദുല്‍ സലാം, ‘തെറ്റ് ചെയ്ത വ്യക്തിയെ മാത്രമേ ചോദ്യം ചെയ്യേണ്ടതുള്ളൂ, ഒരു സമൂഹത്തെയൊന്നാകെ അപമാനിക്കരുതെന്ന്’ പറഞ്ഞ് ഇടപെട്ടുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പിന്നാലെ മനീഷ് കുമാര്‍ റാം, സഹോദരന്‍ രോഷന്‍ കുമാര്‍ റാം, അമ്മ വിമലാ ദേവി എന്നിവരും മറ്റുചിലരും ചേര്‍ന്ന് സലാമിനെ ആക്രമിച്ചെന്നാണ് സാക്ഷികള്‍ പറയുന്നത്. പ്രതികളില്‍ ഒരാള്‍ മണ്ണ് കുഴിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുപകരണമായ ‘ഖന്തി’ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് സലാം റോഡില്‍ വീണു. പിന്നീട് ഗ്രാമവാസികള്‍ കിരാത്പുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു.