കോഴിക്കോട്: ഝാര്‍ഖണ്ടിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ മുസ്്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യപദ്ധതികള്‍ ഉത്സവാന്തരീക്ഷത്തില്‍ നാടിനു സമര്‍പ്പിച്ചു. പദ്ധതി സമര്‍പ്പണത്തോടനുബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ സംസ്ഥാനത്ത് നടത്തിയ ഏകദിന പര്യടനം ഝാര്‍ഖണ്ഡിലെ ന്യൂനപക്ഷ മേഖലകളില്‍ പുതുചരിത്രമെഴുതി. തിങ്ങിനിറഞ്ഞ ജനപങ്കാളിത്തം ഉത്തരേന്ത്യന്‍ ഗ്രാമമേഖലകളില്‍ അലയടിക്കുന്ന ദളിത് പിന്നാക്ക ഏകീകരണത്തിന്റെ ശക്തി വിളിച്ചോതി.

ഝാര്‍ഖണ്ഡിലെ ഗിരിഡി, ജംധാര, രാംഗഡ്, ധന്‍ബാദ് ജില്ലകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളുടെ ആദ്യഘട്ടമാണ് ഇന്നലെ സമര്‍പ്പിക്കുന്നത്. എട്ട് കുഴല്‍ കിണറുകള്‍ ഝാര്‍ഖണ്ഡിലെ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ഗ്രാമങ്ങള്‍ക്ക് ആശ്വാസമായത്. ഓരോ കുഴല്‍ കിണറും 150 മുതല്‍ 200 വരെ ആളുകളുള്ള കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകും.

ഗിരിഡി ജില്ലയിലെ ഫുല്‍ജറിയ പഞ്ചായത്തിലെ കൊറിയാദ് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ നേതാക്കള്‍ സംബന്ധിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജനങ്ങളെ അഭിസംബോധന ചെയ്തു. ധന്‍ബാദ് സര്‍ക്യൂട്ട് ഹൗസില്‍ എത്തിച്ചേര്‍ന്ന ദേശീയ നേതാക്കള്‍ ഗോ-സംരക്ഷകരാല്‍ പീഢിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിച്ചു. ജംധാര ജില്ലയില്‍ വാട്ട്‌സ്ആപ്പില്‍ ബീഫ് വിവാദത്തെ കുറിച്ച് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിനിടെ പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 22 വയസ്സ് പ്രായമുള്ള മിന്‍ഹാജ് അന്‍സാരിയുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനം കുടുംബത്തിന് ആശ്വാസവും പ്രദേശത്തെ ന്യൂനപക്ഷ കൂട്ടായ്മക്ക് പുത്തനുണര്‍വുമായി.

പച്‌മോറിയ ഗ്രാമത്തില്‍ മുസ്‌ലിം ലീഗിന് സ്‌കൂള്‍ നിര്‍മ്മിക്കാനായി ഗ്രാമത്തലവന്‍ സൗജന്യമായി നല്‍കിയ സ്ഥലം നേതാക്കള്‍ സന്ദര്‍ശിച്ചു. കര്‍മായി ഗ്രാമത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനത്തില്‍ നേതാക്കള്‍ സംസാരിച്ചു.

ജാര്‍ഖണ്ടില്‍ പുതുതായി രൂപീകരിച്ച 3 ദളിത് ലീഗ്, 1 ആദിവാസി ലീഗ് അടക്കമുള്ള 30 ഓളം വരുന്ന മുസ്‌ലിംലീഗ് ഗ്രാമ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനത്തില്‍ നേതാക്കള്‍ സംസാരിച്ചു. കൊരിഡിയിലെ മുസ്‌ലിംലീഗ് ഓഫീസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് ഗിരിഡി ജില്ലയിലെ പണ്ഡാരിയാ ഗ്രാമത്തില്‍ ഗ്രാമ മുഖ്യന്മാരുടേയും ഗ്രാമപഞ്ചായത്ത് കൗണ്‍സിലര്‍മാരുടേയും ഒത്തുചേരല്‍ നടന്നു.

വൈകീട്ട് രാംഗഡ്് ജില്ലയിലെ ഭഡുവ ഗ്രാമത്തില്‍ മുസ്‌ലിംലീഗിന് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ വേണ്ടി നാട്ടുകാര്‍ കൈമാറുന്ന സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന്് ഗിരിഡി ജില്ലയിലെ ബഡ്ഗുണ്ട ഗ്രാമത്തില്‍ കാലങ്ങളായി മസ്ജിദിനായി വഖ്ഫ് ചെയ്ത സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനെ കുറിച്ചു ആലോചന നടത്തുന്നതിനായി സന്ദര്‍ശനം നടത്തി.

മുസഫര്‍നഗറിലെ മുസ്്‌ലിംലീഗ് ബൈതുര്‍റഹ്്മ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായ ശേഷം ഉത്തരേന്ത്യന്‍ മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അഭൂതപൂര്‍വമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, മുഫ്തി സയ്യിദ്ആലം, മൗലാനാ കൗസര്‍ ഹയാത് ഖാന്‍, ഇംറാന്‍, കുടിവെള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളായ മുഹമ്മദ്‌കോയ, അബ്ദുസ്സലാം, അഹമ്മദ് മൂസ ഖത്തര്‍, നൗഷാദ്, സിറാജ്, സൈതാലി, അലവി പാലക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.