കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെര. കമ്മിഷന്‍ എടുത്ത തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന് മുസ്‌ലിംലീഗ്. നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മുമ്പ് രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിക്കേണ്ടിയിരുന്നു എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് യഥാസമയം തന്നെ നടത്തണമെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാടെന്നും അതിന് പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായും നീതിയുക്തമായും നടത്തേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. എന്നാല്‍ നയപരമായ തീരുമാനം എടുക്കുന്നതിന് മുമ്പായി കമ്മിഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിക്കേണ്ടതായിരുന്നു. ഒന്നാമത്, ഈ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് തപാല്‍ വോട്ടും ക്വാറന്റൈനിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ടും ഏര്‍പ്പെടുത്താനുള്ള തീരുമാനം കമ്മിഷന്‍ എടുത്ത് കേരള സര്‍ക്കാറിന് രേഖാമൂലം അറിയിച്ചിരിക്കുകയാണ്. ഇതുപോലെ നയപരമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. നിര്‍ഭാഗ്യകരമായ നിലപാടാണ് കമ്മിഷന്റേത്’ – മജീദ് പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്

കോവിഡ് പശ്ചാത്തലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് സംസാരിക്കുന്നു

Posted by Indian Union Muslim League – Kerala State on Thursday, August 20, 2020

പോളിങ് ബൂത്തിലെ തിരക്ക് ഒഴിവാക്കാന്‍ അഞ്ഞൂറ് വോട്ടര്‍മാരെ വച്ച് ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ പോളിങ് ബൂത്തുകള്‍ അനുവദിക്കുകയും വേണം. 65 വയസ്സു കഴിഞ്ഞ സ്ഥാനാര്‍ത്ഥികള്‍ എങ്ങനെ പ്രചാരണത്തിന് ഇറങ്ങും എന്നതിലും തെര. കമ്മിഷന്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.