india

തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്

By webdesk18

May 15, 2025

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.