കോഴിക്കോട്: ഉരുള്‍പൊട്ടലും പ്രളയവും മനുഷ്യവാസത്തിന് മേല്‍ ഇടിത്തീയായി ഭവിക്കുമ്പോഴും പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തുള്‍പ്പെടെ കരിങ്കല്‍ ക്വാറികള്‍ അനുവദിച്ച് സര്‍ക്കാര്‍ മാഫിയകള്‍ക്ക് കുട ചൂടുന്നു.
ഉരുള്‍പൊട്ടലും മണ്ണൊലിപ്പുമുണ്ടായ പ്രദേശങ്ങളിലും ഇതിനു സാധ്യതയുള്ള സ്ഥലങ്ങളിലുമുള്ള ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രളയത്തോടനുബന്ധിച്ച് ഈ ക്വാറികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിച്ച് ഉത്തരവിറങ്ങിയതോടെ ജനങ്ങളുടെ ജീവന് സര്‍ക്കാര്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്നാണ് ബോധ്യമായത്.
ഉരുള്‍പൊട്ടലും മണ്ണൊലിപ്പും നടന്ന മേഖലകളില്‍ ഉള്‍പ്പെടെ ഇനിയും ഖനനം തുടരുന്നതോടെ വരുന്ന ഭവിഷ്യത്ത് പ്രവചനാതീതമാണ്. ഒരു പരിശോധനയും നടത്താതെയാണ് തിടുക്കപ്പെട്ട് ഖനന നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ പുന:പരിശോധിക്കണം. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങള്‍ക്ക് ജനങ്ങളുടെ സുരക്ഷയില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറോളം ക്വാറികളാണ് പുതുതായി സംസ്ഥാനത്ത് അനുവദിച്ചത്.
ഇത്രയധികം ക്വാറികള്‍ക്ക് ഒന്നിച്ച് അനുമതി കൊടുക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. 2018 ലെ മഹാപ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം 2018 ഡിസംബര്‍ മൂന്നിന് ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത മേഖലകളില്‍ പോലും അനുമതി നല്‍കാനുള്ള കേന്ദ്ര ഉത്തരവിനു കാരണം 2018 മെയ് നാലിലെ കേരള സര്‍ക്കാറിന്റെ അപേക്ഷയാണ്. പ്രളയത്തിനു ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ കൂടുതല്‍ ആഘാതങ്ങളുള്ള ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകാവുന്ന ഒരു ഉത്തരവാണിത്. അതിന്റെ പ്രത്യാഘാതം 2019ല്‍ വടക്കന്‍ കേരളം അനുഭവിച്ചുകഴിഞ്ഞു. 2016ലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇറക്കിയ ദുരന്ത നിവാരണ പദ്ധതിയില്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളിലും ക്വാറികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
അത്തരം സ്ഥലങ്ങളില്‍ 2018ലും 2019ലും ഉരുള്‍പൊട്ടല്‍ നടന്നുകഴിഞ്ഞു. എന്നാല്‍ ഈ ക്വാറി പ്രവര്‍ത്തനം നിര്‍ത്തുന്നതിന് യാതൊരു നടപടിയും ഗവണ്‍മെന്റ് സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ 750 ക്വാറികളാണ് സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അനുമതിയില്ലാതെ ചെറുതും വലുതുമായി 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി മൈനിങ് ആന്റ് ജിയോളജി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ക്വാറി ഉടമകളെ സഹായിക്കാന്‍ വേണ്ടി മാത്രം ഇറക്കിയ 2018 ഡിസംബര്‍ മൂന്നിലെ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം.
ശാസ്ത്രീയമായ പഠനം നടത്തി ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ കണ്ടെത്തണം. 2019ലെ പ്രളയത്തിനു ശേഷം ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പുനരവലോകനം ചെയ്യണം. അത്തരം പ്രദേശങ്ങളിലും സമീപത്തും ക്വാറികളുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം തുടര്‍ന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് മുസ്്‌ലിംലീഗ് രംഗത്തുവരുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി. കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷായും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.