മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്‍ സാഹിബ് പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ സഫാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഓര്‍മ്മകളില്‍ ജ്വലിച്ച് എന്‍.കെ.സി കെ. സൈനുല്‍ ആബിദീന്‍ സഫാരി (മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)
പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്‍ ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്‍.കെ.സി. ഉമ്മര്‍ സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്‍ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്‍ ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു. ‘പാനൂര്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്‍.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ലീഗിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.
പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്‍.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്‍ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്‌നേഹപൂര്‍ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്.
അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഇന്നും മനസില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്. പ്രിയപ്പെട്ട ഉമ്മര്‍ സാഹിബിന്റെ വേര്‍പാട് പൊതുപ്രവര്‍ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കും.
ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്‍ (സ്വര്‍ണ്ണ മഹല്‍), സഹീര്‍, ശക്കീര്‍ (ഖത്തര്‍), സബീന, സൈബു എന്നിവര്‍ക്കും മരുമക്കളായ ഷംസു പോയില്‍ (ദുബായ്), സുബൈര്‍ (ബഹ്‌റൈന്‍), സറീന, സാജിറ, ജസീല, ആബിദ എന്നിവര്‍ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന്‍ നെല്ലൂര്‍, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്‍, ആസ്യ എന്നിവര്‍ക്കും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്‍ പങ്കുചേരുന്നു.