മലപ്പുറം: മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്ത നടപടി രാഷ്ട്രീയപ്രേരിതവും നാടകവുമെന്ന് മുസ്‌ലിംലീഗ്. കുറ്റപത്രം സമര്‍പ്പിക്കാറായ കേസില്‍ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചാണ് അറസ്റ്റുണ്ടായിട്ടുള്ളത് എന്നും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് എന്നും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അറസ്റ്റിന് പിന്നാലെ മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ കുറ്റപത്രം സമര്‍പ്പിക്കാറായ കേസാണിത്. അറസ്റ്റ് ആവശ്യമില്ലാത്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണം കഴിഞ്ഞ് കാലങ്ങള്‍ക്ക് ശേഷം. യുഡിഎഫ് സര്‍ക്കാറാണ് അധികാരത്തില്‍ എങ്കില്‍ എത്രയോ കേസില്‍ ഇങ്ങനെ ചെയ്യാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യില്ല. ഒരു കേസിന്റെ മെറിറ്റ് നോക്കിയിട്ടാണ് അറസ്റ്റ് നടത്തേണ്ടത്. സര്‍ക്കാറിനെതിരെയുള്ള കേസുകളില്‍ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് പാലാരിവട്ടം കേസ് കൊണ്ടുവരുന്നത്. ഇത് നാടകമാണ്’ – അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ നടത്തിയ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. ഇതേക്കുറിച്ച് ഞങ്ങള്‍ക്ക് വിവരമുണ്ടായിരുന്നു. രണ്ടു മൂന്നുദിവസമായി തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് എങ്ങനെ അറസ്റ്റു ചെയ്യാം എന്ന് സര്‍ക്കാര്‍ ആലോചിക്കുകയായിരുന്നു. സംസ്ഥാന ഏജന്‍സിയെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. തങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിക്കുന്ന സര്‍ക്കാറാണ് പ്രതിപക്ഷത്തെ സംസ്ഥാന ഏജന്‍സികളെ കൊണ്ട് വേട്ടയാടുന്നത്. കൃത്യമായ അധികാര ദുര്‍വിനിയോഗമാണിത്’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്, ഡോളര്‍ കടത്ത് തുടങ്ങിയ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ മറച്ചുവയ്ക്കാനുള്ള നടപടിയാണിത്. ബാലന്‍സ് ചെയ്യാന്‍ വേണ്ടിയുള്ള ശ്രമം. അറസ്റ്റ് നടത്തേണ്ട ഘട്ടത്തിലാണ് നടത്തേണ്ടത്. തോന്നുമ്പോള്‍ അല്ല അറസ്റ്റ് ചെയ്യേണ്ടത്. അതിന് കാരണങ്ങളുണ്ടാകണം. അത് സിആര്‍പിസിയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. തോന്നിയ പോലെ അറസ്റ്റു ചെയ്യാന്‍ പറ്റില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലത്തിന്റെ ബലക്ഷയത്തിന് ഉത്തരവാദികളായ സാങ്കേതിക വിഭാഗത്തെയും കമ്പനിയെയുമാണ് പ്രതി ചേർക്കേണ്ടതെന്നും അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രതികാരമാണിതെന്നും ആകെ അഴിമതിയിൽ കുളിച്ചുനിൽക്കുന്ന സർക്കാർ കിട്ടിയ കച്ചിത്തുരുമ്പ് ഉപയോഗിച്ച് നാടകം കളിക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.