News

മുസ്‌ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; സാദിഖലി തങ്ങളെ നന്ദി അറിയിച്ച് ഫലസ്തീന്‍ പ്രസിഡന്റ്

By webdesk18

January 17, 2026

ന്യൂഡല്‍ഹി: ഫലസ്തീന്‍ ജനതക്ക് വര്‍ഷങ്ങളായി നല്‍കുന്ന നിരുപധിക പിന്തുണക്ക് നന്ദി അറിയിക്കുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി സംസാരിക്കാന്‍ പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തി ഫലസ്തീന്‍ പ്രസിഡന്റ്. ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മത രാഷ്ട്രീയ കാര്യ ഉപദേഷ്ടാവും ചീഫ് ജസ്റ്റിസുമായ ഡോ. മഹമുദ് അല്‍ ഹബാഷാണ് നന്ദി അറിയിച്ചുകൊണ്ട് സയ്യിദ് സാദിഖലി തങ്ങളുമായി ദീര്‍ഘനേരം സംസാരിച്ചത്.

യുദ്ധത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യ മനസാക്ഷിയെ ഫലസ്തീന്‍ ജനതയോട് ചേര്‍ത്ത് നിര്‍ത്താന്‍ കാണിക്കുന്ന പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എല്ലാ കാലത്തും തന്റെ രാജ്യത്തോട് ഐക്യദാര്‍ഢ്യപ്പെടുന്ന മുസ്‌ലിം ലീഗിന്റെ അധ്യ ക്ഷനോടുള്ള കടപ്പാട് അറിയിക്കുന്നതായും തങ്ങളുമായി ഫോണില്‍ സംസാരിക്കവൈ ഫലസ്തീന്‍ പ്രസിഡന്റിന്റെ പ്രതിനിധി പറഞ്ഞു.

ഡല്‍ഹിയിലെ ഫലസ്തീന്‍ എംബസിയില്‍ മുസ്‌ലിം ലീഗ് അധ്യക്ഷന് നല്‍കിയ സ്വീകരണത്തിലാണ് ഫലസ്തീന്‍ പ്രസിഡണ്ടിന്റെ പ്രത്യേക പ്രതിനിധി തങ്ങളുമായി സംസാരിച്ചത്. ഇ.അഹമ്മദ് സാഹിബും ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തും തമ്മില്‍ നിലനിന്നിരുന്ന ആത്മബന്ധത്തിന്റെ തുടര്‍ച്ചയാണ് ഇന്നും മുസ്‌ലിം ലീഗ് പ്രസ്ഥാനവുമായി നിലനില്‍ക്കുന്നതെന്ന് കൂടിക്കാഴ്ച്ചയില്‍ ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം.അബു ഷാവേസ് പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ അഡ്വ.ഹാരിസ് ബീരാന്‍ എം.പി, ഖുറം അനീസ് ഉമര്‍, സി. കെ സുബൈര്‍, പി.കെ ബഷീര്‍ എംഎല്‍എ, മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ആസിഫ് അന്‍സാരി, ഡല്‍ഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ മുഹമ്മദ് ഹലീം, അഡ്വ. മര്‍സൂഖ് ബാഫഖി, അഡ്വ.അബ്ദുള്ള നസീഹ്, അഡ്വ. അഫ്‌സല്‍ യൂസഫ്, മുത്തു കൊഴിച്ചെന, അതീബ് ഖാന്‍ എന്നിവരും സന്നിഹിതരായി.