കോഴിക്കോട്: എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകലെ മുസ്‌ലിം ലീഗ് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം നാളെ കൊല്ലം ആശ്രാമത്തിലെ ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. സംസ്ഥാന നേതാക്കള്‍, ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാര്‍, യു.ഡി.എഫ് നേതാക്കള്‍ സംബന്ധിക്കും.
ഇരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ഇത്തവണ തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് കരുത്ത് തെളിയിച്ചത്. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ മുസ്ലീം ലീഗിന് അംഗങ്ങളുണ്ട്. തിരുവനന്തപുരം മുനിസിപ്പാലിറ്റി, തൃക്കാക്കര, കളമശ്ശേരി, മുവ്വാറ്റു പുഴ മുനിസിപ്പാലിറ്റികളിലെ വിജയം ശ്രദ്ധേയമായിരുന്നു. കൊച്ചി, കൊല്ലം കോര്‍പറേഷനുകളില്‍ പാര്‍ട്ടിക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസണ്‍മാരുണ്ട്. കൊച്ചി, തൊടുപുഴ, ഈരാറ്റുപേട്ട, കായംകുളം, തിരുവല്ല, തൃക്കാക്കര, കളമശ്ശേരി, മുവാറ്റുപുഴ, പെരുമ്പാവൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും വാഴക്കുളം, മുഖത്തല ബ്ലോക്ക് പഞ്ചായത്തുകളിലും പല്ലാരിമംഗലം, പായിപ്ര, കുന്നത്ത് നാട്, വെങ്ങോല, എളമാട്, ഇടവെട്ടി, കുമാരമംഗലം, തൃക്കുന്നപ്പുഴ, നെല്ലിക്കുഴി, കോട്ടപ്പടി, കോതമംഗലം, എടത്തല, മയ്യനാട്, ശൂരനാട്, ഉടുമ്പന്നൂര്‍, എരുമേലി, ചെമ്പ്, പെരിങ്ങമ്മല, അടിമാലി, വെള്ളത്തൂവല്‍, ചേരാനല്ലൂര്‍, ആയവന, ആവോലി, വണ്ണപ്പുറം, കുമളി, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലും പ്രധാന സ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് അംഗങ്ങളുണ്ട്.
എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കൃത്യ സമയത്ത് സംഗമത്തിന് എത്തിച്ചേരണമെന്നും പ്രതി നിധികളെ സംഗമത്തില്‍ എത്തിക്കുന്നതിന് ജില്ല, മണ്ഡലം നേതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം അറിയിച്ചു.