kerala

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി: ഭവന നിര്‍മ്മാണം ഏപ്രില്‍ 9ന് ആരംഭിക്കും

By webdesk13

March 23, 2025

മുസ്‌ലിം ലീഗ്‌  വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിർമ്മാണത്തിന് ഏപ്രിൽ 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവ്വഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ നിർദ്ദിഷ്ട 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്. 105 കുടുംബങ്ങൾക്ക് 8 സെന്റിൽ ആയിരം സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്നത്.

ഇരുനിലകൾ നിർമ്മിക്കാൻ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോട് ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞ ദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.