india

മുസ്‌ലിം എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചു; പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍

By webdesk17

February 16, 2026

മുംബൈ: ശിവസേന (ഷിന്‍ഡെ വിഭാഗം) എംഎല്‍എയും മുന്‍ മന്ത്രിയുമായ അബ്ദുല്‍ സത്താര്‍ ക്ഷേത്ര ദര്‍ശനം നടത്തിയതിന് പിന്നാലെ ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. റഹീമാബാദിലെ ശിവക്ഷേത്രത്തിലാണ് സംഭവം. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് എംഎല്‍എ തന്റെ മണ്ഡലത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

എംഎല്‍എ മടങ്ങിയതിന് പിന്നാലെ ഏതാനും യുവാക്കള്‍ ക്ഷേത്രത്തിനകത്ത് ഗോമൂത്രം തളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സത്താര്‍ ഗോമാംസം കഴിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം സന്ദര്‍ശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്നുമാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ വാദം.

‘സത്താര്‍ ഗോമാംസം കഴിക്കുന്ന ആളാണ്. അദ്ദേഹം ദര്‍ശനം നടത്തിയതോടെ ക്ഷേത്രത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത്. അടുത്തിടെ ഹജ്ജ് കഴിഞ്ഞ് വന്ന അദ്ദേഹം ഇപ്പോള്‍ ക്ഷേത്രത്തില്‍ പോകുന്നത് ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരേപോലെ വിഡ്ഢികളാക്കാനാണ്,’ എന്ന് സില്ലോദ് യൂണിറ്റ് ബിജെപി അധ്യക്ഷന്‍ മനോജ് മൊരേലു പ്രതികരിച്ചു.