ബെംഗളൂരു: കര്‍ണാടക 224 അംഗ നിയമസഭയില്‍ ഇത്തവണ മുസ്‌ലിം എം.എല്‍.എമാരുടെ പ്രാതിനിധ്യം വെറും ഏഴ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ മുസ്‌ലിം പ്രാതിനിധ്യമാണിത്. അതേസമയം വിജയിച്ച എല്ലാ എം.എല്‍.എമാരും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നാണ് . 2008ല്‍ ഒമ്പതും, 2013ല്‍ പതിനൊന്നുമായിരുന്നു മുസ്‌ലിം എം.എല്‍.എമാരുടെ എണ്ണം. 2013ല്‍ ഒമ്പതു പേര്‍ കോണ്‍ഗ്രസ് അംഗങ്ങളും രണ്ടു പേര്‍ ജെ.ഡി.എസ് അംഗങ്ങളായിരുന്നു.

ഇത്തവണ കര്‍ണാടകയില്‍ അസസുദ്ദിന്‍ ഉവൈസിയുടെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീ(എ.ഐ.എം.ഐ.എം)യുടെ പിന്തുണ ജെ.ഡി.എസിന് ഗുണകരമാവും എന്ന് വിലയിരുത്തിയിരുന്നെങ്കിലും സംപൂര്‍ണ പരാജയമായിരുന്നു ഫലം. എട്ടു മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ് ജെ.ഡി.എസ് നിര്‍ത്തിയത്. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിയെപോലും വിജയിപ്പിക്കാനായില്ല. എസ്.ഡി.പി.ഐ മൂന്ന് മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ ബി.ജെ.പിക്ക് ഒറ്റ മുസ്‌ലീം സ്ഥാനാര്‍ത്ഥിപോലും ഉണ്ടായിരുന്നില്ല.

സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 13 ശതമാനമാണ് മുസ്‌ലിംകള്‍. 19 മണ്ഡലങ്ങളില്‍ മുസ്‌ലിം ജനസംഖ്യയില്‍ വ്യക്തമായ ഭൂരിപക്ഷ ഉണ്ടായിരിക്കെ വെറും നാലു തവണമാത്രമാണ് എം.എല്‍.എമാരുടെ എണ്ണത്തില്‍ രണ്ടക്കം കാണാനായത്. കര്‍ണാടക നിയമസഭയിലെ ഏറ്റവും ഉയര്‍ന്ന മുസ്‌ലിം പ്രാതിനിധ്യം 1978ലെ 16 എം.എല്‍.എമാരും ഏറ്റവും കുറവ് 1998ലെ രണ്ടു എം.എല്‍.എമാരുമായിരുന്നു.

കനീസ് ഫാത്തിമ, സമീര്‍ അഹമ്മദ് ഖാന്‍, തന്‍വീര്‍ സേഠ്, യു.ടി അബ്ദുള്‍ ഖാദര്‍, എന്‍.എ ഹാരിസ്, റോഷന്‍ ബൈഗ്, റാഹിം ഖാന്‍ എന്നീവരാണ് കര്‍ണാടക നിയമസഭയിലെ ഇത്തവണത്തെ മുസ്‌ലീം പ്രതിനിധികള്‍.