മധ്യപ്രദേശില്‍ പശുക്കടത്താരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കേസ് പരിഗണിച്ച വനിതാ ജഡ്ജിക്കെതിരെ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വിധി പ്രസ്താവത്തിന് പിന്നാലെ ജഡ്ജിയുടെ മതപരമായ വ്യക്തിത്വത്തെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ആരംഭിച്ചത്. നര്‍മ്മദാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തബസ്സും ഖാനെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള ചിലരുടെയും ഹിന്ദുത്വവാദികളുടെയും ഭീഷണിക്കും വിദ്വേഷ പ്രചാരണത്തിനും ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് 50-കാരനായ നസീര്‍ അഹമ്മദിനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഗോരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ച ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനത്തില്‍ നസീര്‍ അഹമ്മദ് കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കേസിലെ തെളിവുകള്‍ വിശദമായി പരിശോധിച്ച കോടതി, ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു.
വിധിക്ക് പിന്നാലെ ജഡ്ജി തബസ്സും ഖാനെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും പ്രചരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവിധ നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.