kerala

മുസ്‌ലിം യൂത്ത്‌ലീഗ് യുദ്ധവിരുദ്ധ വലയം ഇന്ന് കോഴിക്കോട്ട്

By webdesk11

October 12, 2023

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് കോഴിക്കോട്ട് യുദ്ധവിരുദ്ധ വലയം തീര്‍ക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സിക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. പശ്ചിമേഷ്യയില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ സൃഷ്ടിച്ച് ഫലസ്തീനെതിരെ അക്രമം ശക്തമാക്കിയ ഇസ്രാഈലിന്റെ ഭരണകൂട ഭീകരതക്കെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് രാത്രി എട്ടു മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിന് ചുറ്റുമാണ് വലയം തീര്‍ക്കുക. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യു.

ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുസ്‌ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, പി.ജെ വിന്‍സന്റ് അഭിവാദ്യമര്‍പ്പിക്കും. കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ പതിനായിരങ്ങളെയാണ് ഇസ്രാഈല്‍ ഗസ്സയില്‍ വര്‍ഷങ്ങളായി കൊന്നൊടുക്കിയത്. ഫലസ്തീനികളെ ഇല്ലാതാക്കുന്നത് വിനോദമാക്കിയ ഇസ്രാഈലിനെതിരെ ലോക മനസാക്ഷി ഉണരണമെന്ന് നേതാക്കള്‍ പറഞ്ഞു. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ വേണ്ടി പോരാട്ടം നടത്തുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് തീര്‍ക്കുന്ന യുദ്ധവിരുദ്ധ വലയത്തില്‍ കണ്ണിചേരാന്‍ മുഴുവന്‍ മനുഷ്യ സ്‌നേഹികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.