india

യു.പിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ മര്‍ദനം; 25 ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

By webdesk18

December 29, 2025

യു.പിയിലെ ബറേലിയില്‍ ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം തടസ്സപ്പെടുത്തി ആക്രമണം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആഘോഷത്തില്‍ പങ്കെടുത്ത മുസ്‌ലിംകളായ യുവാക്കളടക്കമുള്ളവരെ മര്‍ദിച്ചതില്‍ ബജ്‌റങ് ദള്‍ നേതാവ് ഋഷഭ് താക്കൂര്‍ അടക്കം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയാണ് ബറേലി പൊലീസ് കേസെടുത്തത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രേംനഗര്‍ പ്രദേശത്തെ റസ്റ്റോറന്റില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതില്‍ രണ്ട് യുവാക്കള്‍ മുസ്‌ലിംകളായിരുന്നു.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ‘ലവ് ജിഹാദ്’ ആരോപിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ പ്രേംനഗര്‍ പൊലീസ് വിദ്യാര്‍ഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഒരു മുസ്‌ലിം യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ത്തതിന് കേസെടുത്ത് മുസ്‌ലിം യുവാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പൊലീസ് പിഴ ചുമത്തി.

എന്നാല്‍ സ്റ്റേഷനിന് പുറത്തുവന്ന 20കാരിയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.