News

ബിജെപിയില്‍ മുസ്‌ലിംകള്‍ക്ക് ഒരു സ്ഥാനവുമില്ല; 28 പ്രസിഡന്റുമാരില്‍ ക്രിസ്ത്യാനിയോ മുസ്‌ലിമോ ഇല്ല: ബിജെപി പ്രവര്‍ത്തക അലിഷ അബ്ദുല്ല

By webdesk17

September 06, 2025

മുസ്‌ലിംകള്‍ക്ക് പരിഗണന നല്‍കാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകയായ കാര്‍ റേസിങ് താരം അലിഷ അബ്ദുല്ല. തമിഴ്‌നാട്ടിലെ ബി.ജെ.പി ഭാരവാഹി പുനഃസംഘടനക്കു പിന്നാലെയാണ് അലിഷയുടെ തുറന്നുപറച്ചില്‍. മുസ്‌ലിംകള്‍ക്കും, മറ്റു ന്യുനപക്ഷങ്ങള്‍ക്കും ബിജെപി യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും അവര്‍ പറയുന്നു.

‘ഞാന്‍ നരേന്ദ്ര മോദിയുടെയും അണ്ണാമലയുടെയും വീക്ഷണം കണ്ടാണ് ബിജെപിയിലേയ്ക്ക് വരുന്നത്. ഞാന്‍ ഈ പാര്‍ട്ടിക്ക് വേണ്ടി 3 വര്‍ഷം രാപ്പകല്‍ അധ്വാനിച്ചു. എന്നിട്ടും യാതൊരു പരിഗണനയുമില്ല. ബി.ജെ.പി തമിഴ്‌നാട് ഘടകത്തിലെയും വിവിധ പോഷക സംഘടനകളിലിലെയും ഭാരവാഹി പ്രഖ്യാപനത്തില്‍, 28 പ്രസിഡന്റുമാരില്‍ ഒരു ക്രിസ്ത്യാനിയോ മുസ്‌ലിമോ ഇല്ല. ഇത് തെളിയിക്കുന്നത് മുസ്‌ലിംകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നാണ്. എന്റെ എല്ലാ കഠിനാധ്വാനവും വെറുതെയായതില്‍ ദുഃഖമുണ്ട്’, തമിഴ്‌നാട് ബിജെപി ന്യൂനപക്ഷ മുഖമായി ഉയര്‍ത്തികാട്ടിയ അലിഷ അബ്ദുല്ല പറഞ്ഞു. ഇന്ത്യയിലെ ആദ്യ വനിതാ കാര്‍ റേസിങ് ചാമ്പ്യന്‍ എന്ന നിലയില്‍ ശ്രദ്ധേയയായിരുന്ന അലിഷ അബ്ദുല്ല 2022ലാണ് ബി.ജെ.പില്‍ അംഗത്വം നേടുന്നത്.