News

മുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്

By webdesk17

January 05, 2026

ധാക്ക: ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നാടകീയ നീക്കവുമായി ബംഗ്ലാദേശ്. രാജ്യത്ത് ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണം വിലക്കാന്‍ ബംഗ്ലാദേശ് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐപിഎല്‍ മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് വിലക്കിയ നടപടി യാതൊരു ന്യായീകരണവുമില്ലാത്തതും ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുന്നതുമാണെന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചത്. ബിസിസിഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമായാണ് പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി സംപ്രേഷണം നിര്‍ത്തിവയ്ക്കുന്നതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഐപിഎല്‍ മിനി താരലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മുസ്തഫിസുറിനെ 9.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഇന്ത്യയിലെ ചില ഹിന്ദു സംഘടനകളും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെയും ശക്തമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നു. മുസ്തഫിസുറിനെ കളിപ്പിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ തടസപ്പെടുത്തുമെന്ന് ചില മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്‍ ബിസിസിഐ കൊല്‍ക്കത്തയോട് നിര്‍ദേശിച്ചത്. മുസ്തഫിസുറിന് പകരം താരത്തെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കുമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ അറിയിച്ചിരുന്നു. ഇതിനിടെ, അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ഉന്നയിച്ചിരുന്നു. സുരക്ഷാപരമായ കാരണങ്ങളാണ് ബിസിബി മുന്നോട്ടുവച്ചത്.

ബംഗ്ലാദേശില്‍ അടുത്തിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും വിവാദത്തിന് കൂടുതല്‍ ഊര്‍ജം നല്‍കി. കഴിഞ്ഞ ഡിസംബറില്‍ മൈമെന്‍സിംഗില്‍ ദിപു ചന്ദ്രദാസ് എന്ന ഹിന്ദുമത വിശ്വാസി കൊല്ലപ്പെടുകയും, കഴിഞ്ഞ ആഴ്ച രാജ്ബാരിയില്‍ അമൃത് മൊണ്ഡല്‍ എന്ന മറ്റൊരു ഹിന്ദുമത വിശ്വാസിയും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്തഫിസുര്‍ വിവാദം ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നത്.