Sports

മുസ്തഫിസുര്‍ വിവാദം; ബംഗ്ലാദേശ് താരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് ഇന്ത്യന്‍ കമ്പനി

By webdesk18

January 09, 2026

മുംബൈ: പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് ഇന്ത്യന്‍ കമ്പനിയായ എസ് ജി. ബംഗ്ലാദേശേ് താരങ്ങളുടെ ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നാണ് സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ എസ് ജി പിന്‍മാറിയത്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ്, മോനിമുള്‍ ഹഖ്, യാസിര്‍ റാബി എന്നിവരാണ് ബാറ്റില്‍ എസ് ജിയുടെ സ്‌പോണ്‍സര്‍ഷിപ്പുള്ള താരങ്ങള്‍. സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം മോശമായ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ എസ് ജി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

എസ് ജിയുടെ പിന്‍മാറ്റം ഒരു തുടക്കം മാത്രമായിരിക്കുമെന്നും മുസ്തഫിസുര്‍ വിവാദത്തിന് പിന്നാലെ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ബംഗ്ലാദേശിനെ ബഹിഷ്‌കരിക്കുമെന്നും ബംഗ്ലാദേശ് താരങ്ങള്‍ ഭയക്കുന്നു. എസ് ജിയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ സറീന്‍ സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രീസും(എസ് എസ്) സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലാദേശ് താരങ്ങളായ മുഷ്പീഖുര്‍ റഹീം, സാബിര്‍ റഹ്‌മാന്‍, നാസിര്‍ ഹൊസൈന്‍ എന്നിവര്‍ക്കും ബാറ്റിലെ സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടടാമവും. ഇന്ത്യന്‍ കമ്പനികള്‍ കൂട്ടത്തോടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലദേശ് താരങ്ങള്‍ക്ക് വന്‍ വരുമാന നഷ്ടമാകും ഉണ്ടാകുക. എന്നാല്‍ കളിക്കാരുടെ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമാവുന്നതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അത് കളിക്കാരും സ്‌പോണ്‍സറും തമ്മിലുള്ള പ്രശ്‌നമാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെത്തുടര്‍ന്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധം കനത്തതോടെയായിരുന്നു ബിസിസിഐ കൊല്‍ക്കത്തയോട് താരത്തെ റിലീസ് ചെയ്യാന്‍ നിര്‍ദേശിക്കുകയും താരത്തെ പുറത്താക്കുകയും ചെയ്തിരുന്നു.