ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബഞ്ചാണ് വിധി പറയുക. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് വിധി പറയുക.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നായിരുന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്.

മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും മാന്യതയും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് രീതികള്‍ എന്ന വാദങ്ങള്‍ പരിശോധിച്ചായിരിക്കും വിധി.

അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നീ സംഘടനകളാണ് മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നത്. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുറാന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളാണ് മുത്തലാഖിനെതിരെ ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരാണ് കേസിലെ മറ്റൊരു കക്ഷി.