കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ സ്വകാര്യ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. പാലാ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് രണ്ട് ബസുകളിലേയും ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സീനായി, സെന്റ് ആന്റണി എന്ന ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് പാലാ സ്റ്റാന്‍ഡില്‍ വെച്ച് തര്‍ക്കമുണ്ടായത്. ജീവനക്കാര്‍ പരസ്പരം അസഭ്യം പറയുകയും ബസ് കൂട്ടിയിടിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍ പാലാ പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും അയച്ച് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലാ പൊലീസ് കേസടുത്തത്.