News

മ്യാന്‍മര്‍ ഭൂചലനം; മരണം 1000 കടന്നു, 2376 പേര്‍ക്ക് പരുക്ക്

By webdesk17

March 29, 2025

മ്യാന്‍മറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരണം 1000 കടന്നു. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മുപ്പതോളം പേരെ കാണാതായിട്ടുണ്ട്.

ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതേസമയം ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ മ്യാന്‍മറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിനെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ചൈനയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മ്യാന്‍മറിനൊപ്പം നില്‍ക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി.

വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാന്‍മറിനെ നടുക്കി ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. ഇതിനിടെ തായ്ലന്‍ഡിലും ഭൂകമ്പമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.