കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ ഫിറോസ് ജനറൽ സെക്രട്ടറിയുമായി തുടരും. പി. ഇസ്മാഈൽ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ ഇടനീർ, മായിൻ കെ.എ വൈസ് പ്രസിഡന്റുമാരാണ്. സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസർമാരായ പി.എം.എ സലാം, സി. മമ്മൂട്ടി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു തുടങ്ങിയവർ സംസാരിച്ചു.