യുവജനയാത്ര സ്ഥിരാംഗങ്ങള്‍ നായകരായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം എന്നിവരോടൊപ്പം

Culture

അനന്തപുരിയില്‍ ഹരിത സാഗരം അലയടിക്കും

By chandrika

December 24, 2018

മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് സമാപനം കുറിച്ച് ഇന്ന് അനന്തപുരിയില്‍ നടക്കുന്ന മഹാ സമ്മേളനത്തിനും വൈറ്റ് ഗാര്‍ഡ് പരേഡിനും അനന്തപുരി ഒരുങ്ങി.  ഹരിതയൗവന പോരാട്ടത്തിന്റെ മഹാവിളംബരം തീര്‍ത്ത് മുസ്ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് ഇന്നു തലസ്ഥാന നഗരിയില്‍ പരിസമാപ്തി. പതിനയ്യായിരം വൈറ്റ് ഗാര്‍ഡുകള്‍ മാര്‍ച്ച് പാസ്റ്റ് ചെയ്ത് സേവനത്തിനായി സമര്‍പ്പിക്കപ്പെടും. കഴിഞ്ഞ 24ന് സപ്തഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരം ഉദ്യാവരത്തു നിന്ന് പ്രയാണം ആരംഭിച്ച, വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനും ജനദ്രോഹ ഭരണകൂടങ്ങള്‍ക്കും എതിരായ യാത്ര കേരളീയ സമൂഹത്തിന്റെ അംഗീകാര മുദ്രകള്‍ ഏറ്റുവാങ്ങിയാണ് ഇന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിക്കുന്നത്. മത ജാതി വര്‍ഗ വര്‍ണ്ണ ഭേദമെന്യെ ജനലക്ഷങ്ങള്‍ ഹൃദയത്തില്‍ വരവേറ്റ ജാഥ 13 ജില്ലകളിലെ ജനാധിപത്യ പോരാട്ടത്തിന് നവദിശ കുറിച്ചാണ് സമാപിക്കുന്നത്. അമ്പലമുറ്റങ്ങളും പള്ളിയങ്കണങ്ങളും അരമനകളും ഒരുപോലെ ആശീര്‍വാദം ചൊരിഞ്ഞ ഹരിതയൗവന യാത്ര ആശയ സംവാദത്തിന്റെയും ബദല്‍ രാഷ്ട്രീയത്തിന്റെയും പുത്തന്‍ വാതായനങ്ങള്‍ തുറന്നിട്ടാണ് ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്.

ഉച്ചക്ക് രണ്ടിന് മ്യൂസിയം ജങ്ഷനില്‍ നിന്ന് വൈറ്റ് ഗാര്‍ഡ് റാലിയുടെ അകമ്പടിയോടെ ആരംഭിക്കുന്ന മാര്‍ച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ശുഭ്രസാഗരത്തില്‍ ലയിക്കും. നാലുമണിക്ക് സമാപന സമ്മേളനം മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ റാലിയില്‍ അണിനിരക്കുന്ന 15,000 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ ദുരന്ത നിവാരണ സേനയായി സംസ്ഥാനത്തിന് സമര്‍പ്പിക്കും. പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡി.കെ ശിവകുമാര്‍, മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, ഡോ.എം. കെ മുനീര്‍, കെ.എം ഷാജി പ്രസംഗിക്കും.