News

ബാലരാമപുരത്ത് ദുരൂഹ മരണം; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

By Manya

February 07, 2026

തിരുവനന്തപുരം: ബാലരാമപുരത്ത് 62 വയസുള്ള സ്ത്രീയുടെ മൃതദേഹം വീടിന് പിന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ സ്വദേശി ശോഭനയുടെ മൃതദേഹമാണ് അയല്‍വാസികള്‍ ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്.

ശോഭനയുടെ ഭര്‍ത്താവ് സുധാകരന്‍ കൂലിപ്പണിക്കാരനാണ്. ഇവര്‍ക്കു രണ്ട് മക്കളുണ്ട്. വീട്ടില്‍ മറ്റ് ആരുമില്ലാത്ത സമയത്താണ് ശോഭനയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ എന്താണ് കൃത്യമായി നടന്നതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രാഥമികമായി ഇത് ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്കവിധത്തിലുള്ള പ്രശ്‌നങ്ങളോ മറ്റ് കാരണങ്ങളോ ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളില്‍ നിന്നുള്ള പ്രാഥമിക വിവരം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.