kerala

അമേരിക്കയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത; ദമ്പതികൾ മരിച്ചത് വെടിയേറ്റ്

By webdesk14

February 14, 2024

യുഎസിലെ കലിഫോർണിയയിൽ സാൻ മറ്റേയോയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ഡോ.ജി.ഹെൻറിയുടെയും റിട്ട. അധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആൺകുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരാണു മരിച്ചത്.

തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് പിസ്റ്റൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികളുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.