കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് തന്നെ പ്രേരിപ്പിച്ചെന്ന് നടന്‍ നാദിര്‍ഷ ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാദിര്‍ഷയുടെ സമാന ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് തന്റെ ശബ്ദമാണോ എന്നതു സംബന്ധിച്ച് നാദിര്‍ഷ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തന്റെ സഹോദരന്‍ സമദിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ പ്രതിചേര്‍ക്കു്െമന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്.

ശബ്ദരേഖയിലുള്ളത്:

നാദിര്‍ഷാക്കു എല്ലാമറിയാം, കാര്യങ്ങള്‍ മറച്ചുവെക്കുന്നതാണ്. എല്ലാ തെളിവുകളും പൊലീസിന്റെ കൈയില്‍ കിട്ടിയിട്ടുണ്ട്. ദിലീപിനെതിരായ എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ പ്രതിചേര്‍ക്കും. സമദ് ചെന്ന് നാദിര്‍ഷയോട് ഇക്കാര്യം പറഞ്ഞ് മനസിലാക്കികൊടുക്കണം. അന്വേഷണ സംഘവുമായി രഹസ്യകൂടിക്കാഴ്ചക്ക് അവസരം ഒരുക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് ഓഡിയോ ക്ലിപ്പില്‍ നാദിര്‍ഷ ആരോപിക്കുന്നത്. എന്നാല്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും നുണ പറഞ്ഞിട്ട് തന്റെ കൂട്ടുകാരനെ ഒറ്റുകയില്ലെന്നും ഇതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതായിരുന്നു നല്ലതെന്നും നാദിര്‍ഷ പറയുന്നു. തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി ദിലീപ് എല്ലാം ചെയ്തുവെന്ന് പറയേണ്ട കാര്യമില്ലെന്നും ഓഡിയോ ക്ലിപ്പില്‍ നാദിര്‍ഷ പറയുന്നു.