kerala

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്

By webdesk18

May 12, 2025

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. കേസിലെ ഏക പ്രതിയായ കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്.

പിതാവിനോടുള്ള വിരോധം ആണ് കൊലപാതക കാരണം എന്നും കേദലിനു മാനസിക പ്രശ്‌നമില്ലെന്നും വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദല്‍ സ്വീകരിച്ചത്. ഫോറന്‍സിക് തെളിവുകള്‍ ആയിരുന്നു പ്രോസിക്യൂഷന്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിയത്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദ കഥകള്‍ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.

2017 ഏപ്രില്‍ 9നാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.