രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.
അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.
അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്‌നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്‍പര്യങ്ങള്‍ അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.
ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.
ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.