ന്യൂഡല്‍ഹി: അധികാര സ്ഥാനങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചതിന് ശേഷം 20 വര്‍ഷത്തേക്ക് പുസ്തകങ്ങള്‍ എഴുതുന്നത് വിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ചതിന് ശേഷം 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് പിരീഡ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ കരസേനാ മേധാവി (റിട്ടയേര്‍ഡ്) മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പായ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2020 ആഗസ്റ്റില്‍ കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അദേഹത്തിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു.
ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്തതായുള്ള വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാന്‍ വൈകിയെന്നും ഒടുവില്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. 2019-2022 കാലയളവില്‍ ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്നു ജനറല്‍ നരവനെ.
വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിവാദമായ പുസ്തകം ചര്‍ച്ചക്ക് വന്നത്. അധികാര സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളുകള്‍ക്ക് വിരമിച്ചതിന് ശേഷം ഒരു കൂളിംഗ്-ഓഫ് പിരീഡ് ഉണ്ടായിരിക്കണമെന്ന് നിരവധി മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് കാലയളവിനെക്കുറിച്ചുള്ള ഔപചാരിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബാലപീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട യുഎസ് നീതിന്യായ വകുപ്പിന്റെ എപ്സ്റ്റീന്‍ ഫയല്‍സിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു വിഷയം. പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ ആരോപണങ്ങള്‍ തുടരുമ്പോഴും ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുക എന്നതാണ് മന്ത്രിസഭയുടെ തീരുമാനം.