മുംബൈ: നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴു വര്‍ഷം. കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്ത് ആറു വര്‍ഷം പിന്നിട്ടിട്ടും കേസ് എങ്ങുമെത്തിയില്ല. 2013 ആഗസ്റ്റ് 20ന് പൂനെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാലത്തിലൂടെ പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ടുപേര്‍  ധബോല്‍ക്കറെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഒരു വര്‍ഷത്തോളം കേസ് പുണെ പൊലീസ് അന്വേഷിച്ചു. പിന്നീട് 2014 മെയില്‍ കേസ് സിബിഐക്ക് കൈമാറി ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.

ധബോല്‍ക്കര്‍ക്കു നേരെ വെടിയുതിര്‍ത്ത ശരദ് കലസ്‌കര്‍, സച്ചിന്‍ അണ്ടുരെ, ധബോല്‍ക്കറുടെ പുണെ വാസം നിരീക്ഷിക്കുകയും ഷൂട്ടര്‍മാര്‍ക്ക് രക്ഷപ്പെടാന്‍ മാപ് തയാറാക്കി നല്‍കുകയും ചെയ്ത വിക്രം ഭാവെ, കൃത്യത്തിന് ശേഷം ആയുധം താണെ കടലിടുക്കില്‍ എറിയാന്‍ ഉപദേശിച്ച അഭിഭാഷകന്‍ സഞ്ജീവ് പുനലേക്കര്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്യുകയും തോക്കുകള്‍ താണെ കടലിടുക്കില്‍ നിന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് ഇനിയും സാധിച്ചിട്ടില്ല. തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ് പിടിയിലായവര്‍.

നല്ലസൊപാര ആയുധ വേട്ട കേസില്‍ ശരദ് കലസ്‌കറെ പിടികൂടിയ മഹാരാഷ്ട്ര എടിഎസാണ് ഇയാളാണ് ധബോല്‍ക്കര്‍ക്കു നേരെ നിറയൊഴിച്ചവരില്‍ ഒരാളെന്ന് കണ്ടെത്തിയത്. എടിഎസ് നല്‍കിയ വിവരപ്രകാരമാണ് രണ്ട് ഷൂട്ടര്‍മാരെയും സിബിഐ അറസ്റ്റ് ചെയ്തത്. സാങ്കേതിക വിദ്യ ഏറെ വികസിച്ചിട്ടും അതുപയോഗിക്കാതെ കേസന്വേഷണം മന്ദഗതിയിലാക്കിയ സിബിഐയെ ബോംബെ ഹോകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സമൂഹത്തിലെ തുല്യതക്കും നീതിക്കും വേണ്ടി വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു നരേന്ദ്ര ധബോല്‍ക്കര്‍. 2013ല്‍ നരേന്ദ്ര ധബോല്‍ക്കറെ കൊന്ന് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരയെയും ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തി. അതേ വര്‍ഷം തന്നെ ആഗസ്റ്റില്‍ എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തി. പിന്നീട് ഗൗരി ലങ്കേഷിനെയും സംഘപരിവാര്‍ കൊല ചെയ്തു. കലാകാരന്മാരെ ഇല്ലാതാക്കാനുള്ള സംഘടിത നീക്കത്തിനെതിരായ രാജ്യവ്യാപകമായ സംവാദങ്ങള്‍ക്ക് ഈ കൊലപാതകങ്ങള്‍ തുടക്കമിട്ടു.