crime

നരോദഗാം കേസ് വിധിയില്‍ അപ്പീല്‍ പോകണം- കോണ്‍ഗ്രസ്

By webdesk14

April 21, 2023

നരോദഗാമില്‍ 11 മുസ്ലിംകളെ ചുട്ടുകൊന്ന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കോണ്‍ഗ്രസ്. പ്രോസിക്യൂഷന്റെ ഭാഗത്ത് സ്പഷ്ടമായ വീഴ്ച പ്രകടമാണെന്ന് പാര്‍ട്ടി വക്താവ് ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു.

വിധിപ്പകര്‍പ്പ് പുറത്തുവരുമ്പോള്‍ മാത്രമാണ് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനാവുക. എന്നാല്‍ പ്രോസിക്യൂഷന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്ന് വ്യക്തമാണ്. അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാറിനും പ്രോസിക്യൂഷനും പറയാന്‍ കഴിയണമെങ്കില്‍ ഗൗരവപൂര്‍വം അപ്പീല്‍ നല്‍കണം. നിതാന്ത ജാഗ്രതയിലൂടെ നേടിയെടുക്കേണ്ടതാണ് നീതി. കേസിന്റെ പുരോഗതി കോണ്‍ഗ്രസ് പിന്തുടരും. ഹീനമായ കുറ്റകൃത്യത്തിന്റെ ഇരകളെ പിന്തുണക്കുന്നു. വൈകിയാലും നീതി നിഷേധിക്കപ്പെടില്ലെന്നാണ് പ്രതീക്ഷ ജയ്‌റാം രമേശ് പറഞ്ഞു.

കോണ്‍ഗ്രസ് മുന്‍ എം.പി ഇസ്ഹാന്‍ ജാഫരി കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെടെ, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വലിയ സൂക്ഷ്മത കോണ്‍ഗ്രസ് കാണിച്ചു വരുന്നതാണ് രീതി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലാണ് ഈ മിതത്വം. കോണ്‍ഗ്രസിന്റെ പ്രസ്താവനകള്‍ ബി.ജെ.പി ആയുധമാക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസിനെ തള്ളിമാറ്റുന്ന വിധം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്ന ആം ആദ്മി പാര്‍ട്ടിയാകട്ടെ, നരോദഗാം കേസിലെ വിധിയെക്കുറിച്ച് മൗനംപാലിച്ചു. പാര്‍ട്ടിയുടെ മൃദുഹിന്ദുത്വ സമീപനങ്ങള്‍ക്കിടെയാണിത്.

നിയമവാഴ്ച ആഘോഷിക്കുകയാണോ, നിയമവാഴ്ചക്ക് ചരമഗീതം പാടുകയാണോ വേണ്ടതെന്ന ചോദ്യമാണ് കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ നരോദഗാം വിധിക്ക് പിന്നാലെ ഉയര്‍ത്തിയത്. ആരാണ് കൊന്നതെന്ന് അന്വേഷകര്‍ കണ്ടെത്തിയതാണ്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാനാണോ, വിട്ടയക്കാനാണോ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്? അദ്ദേഹം ചോദിച്ചു.