Culture

ദേശീയ ഗാനം പാതിവഴിയില്‍ നിര്‍ത്തി വന്ദേമാതരം പാടി ; ബി.ജെ.പി വീണ്ടും വിവാദത്തില്‍

By Test User

June 13, 2019

ദേശീയഗാനം ആലപിക്കുന്നത്തിനിടെ ദേശീയ ഗാനം നിര്‍ത്തി വന്ദേ മാതരം പാടി വെട്ടിലായി ബിജെപി നേതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സമ്മേളനത്തിനിടെയാണ് സംഭവം. നേതാക്കള്‍ക്കു പറ്റിയ അബദ്ധത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോര്‍പ്പറേഷന്റെ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ടാണ് അംഗങ്ങള്‍ യോഗം ചേര്‍ന്നത്. ബിജെപി എംഎല്‍എയും മേയറുമായ മാലിനി ഗൗഡ് ആണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ദേശീയഗാനം ആലപിക്കുന്നതിനിടെ ചില നേതാക്കള്‍ ഇടപെട്ട് നിര്‍ത്തിച്ചു. പിന്നാലെ ഒരുഭാഗത്ത് നിന്ന് വന്ദേമാതരം ഉയര്‍ന്നു. ദേശീയഗാനത്തിനു പകരം വന്ദേമാതരം ആണ് ചടങ്ങില്‍ പാടിത്തീര്‍ത്തത്. ദേശീയഗാനത്തെ അപമാനിച്ചതിന് അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരംഗത്തിനു പറ്റിയ നാവുപിഴ എന്നായിരുന്നു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അജയ് സിങ് വിശദീകരിച്ചത്. ദേശീയഗാന ആലാപനം തടസപ്പെടുത്തുന്നതോ നിര്‍ത്തുന്നതോ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.