india

ദേശീയ സുരക്ഷാ ഭീഷണി: സോനം വാങ്ചുങ്ങിനെതിരെ നടപടി ന്യായസംഗതിയുള്ളതെന്ന് ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയില്‍

By webdesk18

October 14, 2025

ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സോനം വാങ്ചുങ്ങിനെതിരെ നടപടി സ്വീകരിച്ചതെന്ന് ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

നിയമവിരുദ്ധ തടങ്കലല്ലെന്നും എല്ലാ വസ്തുതകളും പരിഗണിച്ച ശേഷമാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.

പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വാങ്ചുങ്ങിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയെ വിവരം അറിയിച്ചതായും, ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയതിനെക്കുറിച്ചും സമയബന്ധിതമായി അറിയിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഗീതാഞ്ജലി ആങ്‌മോ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

ലഡാക്കില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് വാങ്ചുങ്ങിനെ ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) പ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായിരുന്നു. സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഡാക്കില്‍ പ്രക്ഷോഭം നടന്നത്.