News

ദേശീയ വിത്ത് ബില്‍ 2025: സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ശക്തിയോ? കര്‍ഷകര്‍ ആശങ്കയില്‍

By Lubna Sherin K P

November 24, 2025

രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘വിത്ത് ബില്‍ 2025’ കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഗുണനിലവാരം ഉറപ്പാക്കുകയും വ്യാപാരം എളുപ്പമാക്കുകയും ചെയ്യാനെന്നതാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും, ബില്‍ സ്വകാര്യ വിത്ത് കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യയിലെ ആദ്യ വിത്തുനിയമം 1966ല്‍ വരുത്തിയത് ഹരിത വിപ്ലവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അന്നത്തെ നിയമം കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിത്തുകളുടെ ശുദ്ധിയും മുളയ്ക്കുവിളവും ഉറപ്പാക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചത്. എണ്‍പതുകളോടെ സ്വകാര്യ വിത്ത് കമ്പനികളുടെ കുത്തൊഴുക്കും ഹൈബ്രിഡ് വിത്തുകളുടെ വ്യാപനവും ഇന്ത്യന്‍ വിത്ത് വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചു. 2002ലെ ദേശീയ വിത്തുനയം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് വിത്തിന്റെ വില, ഗുണനിലവാരം, ലഭ്യത എന്നിവയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന വിമര്‍ശനവും ഉയര്‍ന്നു. 2004ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ‘വിത്ത് ബില്‍’ ഗുണനിലവാരം ഉറപ്പാക്കാനും വ്യവസായം ക്രമീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. ആദ്യമായി വിത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം 25,000 മുതല്‍ 50 ലക്ഷം രൂപ വരെ ലഭ്യമാക്കിയതുമാണ് പ്രധാന മാറ്റങ്ങള്‍. പിന്നീട് 2019ല്‍ വന്ന പുതുക്കിയ വിത്ത്ബില്‍ കമ്പനികളും സര്‍ക്കാരും സ്വാഗതം ചെയ്‌തെങ്കിലും കര്‍ഷകസമിതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ക്കോയ്മ ഉറപ്പാക്കുന്ന നയമാണെന്ന് വിമര്‍ശിച്ചു. പുതിയ ബില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനിടയില്‍ കേന്ദ്രീകരണം വര്‍ധിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നു. ദേശീയതലത്തില്‍ അംഗീകാരം ലഭിച്ച ഒരു വിത്ത് കമ്പനിക്കു എല്ലാ സംസ്ഥാനങ്ങളിലും പ്രവേശനം സാധ്യമാകുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാവും, വലിയ കമ്പനികള്‍ക്ക് വിപണിയില്‍ മേല്‍ക്കോയ്മ സൃഷ്ടിക്കാനാകും. കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആശങ്കകള്‍ നഷ്ടപരിഹാരം നേടാന്‍ കോടതികളില്‍ ആശ്രയിക്കേണ്ടിവരും കര്‍ഷകര്‍ക്ക് നഷ്ടമാകാന്‍ സാധ്യത സര്‍ക്കാര്‍ കര്‍ഷകരുടെ പരമ്പരാഗത വിത്തുല്‍പാദനം നിയന്ത്രിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ‘കര്‍ഷകര്‍’ എന്ന നിര്‍വചനത്തില്‍ ചെറുകര്‍ഷകര്‍ മുതല്‍ കര്‍ഷകസംഘടനകളുടെ വിത്തുല്‍പാദന യൂണിറ്റുകള്‍ വരെയുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവ സംരക്ഷിക്കുന്ന പരമ്പരാഗത വിത്തുകളുടെ ഭാവിയെക്കുറിച്ച് ബില്‍ വ്യക്തമായ ഉറപ്പു നല്‍കുന്നില്ല.