News

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പണിമുടക്ക്; 30 കോടി തൊഴിലാളികള്‍ അണിനിരക്കും

By Manya

February 11, 2026

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്. രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള സമരത്തില്‍ ഏകദേശം 30 കോടി തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു.

ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി 12 മണി വരെ തുടരും. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തുടനീളം ഗതാഗതം സ്തംഭിക്കാന്‍ സാധ്യതയുണ്ട്. അതിനിടെ, ആവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാല്‍വിതരണം, പത്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസുകള്‍, ആംബുലന്‍സുകള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാല് തൊഴില്‍ കോഡുകള്‍ റദ്ദാക്കുക, ഡ്രാഫ്റ്റ് സീഡ് ബില്‍, വൈദ്യുതി ഭേദഗതി ബില്‍, SHANTI ആക്ട് എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. തൊഴിലാളികളുടെ അവകാശങ്ങളും തൊഴില്‍ സുരക്ഷയും തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമാണ് സമരമെന്ന് നേതാക്കള്‍ വ്യക്തമാക്കി.