india

തെലങ്കാനയിലെ തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും

By webdesk18

February 24, 2025

തെലങ്കാന നാഗര്‍കുര്‍ണില്‍ തുരങ്കം തകര്‍ന്ന് വീണ് അകപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും എത്തും. നാവികസേനയുടെ മറൈന്‍ കമാന്‍ഡോസ് ആണ് രക്ഷാ ദൗത്യത്തിനായെത്തുക.

അറ്റകുറ്റപ്പണിക്കായി തൊഴിലാളികളുപയോഗിച്ചിരുന്ന ബോറിങ് മെഷിനടുത്ത് വരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയതായി നാഗര്‍കുര്‍ണൂല്‍ ജില്ലാ കളക്ടര്‍ ബി സന്തോഷ് വ്യക്തമാക്കിയിരുന്നു. സ്ഥലത്തെ ചളി രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിന്റെ പണി നടക്കുന്നതിനിടെ ഒരുവശം തകര്‍ന്നുവീണത്. തുരങ്കം പൂര്‍ണമായും അവശിഷ്ടങ്ങള്‍ നിറഞ്ഞ നിലയിലാണ്.

തുരങ്കത്തില്‍ എട്ടുപേര്‍ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയര്‍മാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ നാലു ദിവസം മുമ്പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്