kerala

നവകേരള സദസ്: ‘ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്‍ നിന്നും 200 വിദ്യാര്‍ത്ഥികളെ അയക്കണമെന്ന വിചിത്രനിര്‍ദേശം പിന്‍വലിക്കണം’: കെ.പി.എ മജീദ് 

By webdesk14

November 22, 2023

നവകേരള സദസ്സിന് ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്‍ നിന്നും 200 വിദ്യാര്‍ത്ഥികളെ അയക്കണമെന്ന തിരുരങ്ങാടി ഡി, ഇ, ഒ യുടെ നിര്‍ദേശം പിന്‍വലിക്കണമെന്നും വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതിന് നടപടി സ്വീകരിക്കണമെന്നും കെ.പി എ മജീദ് എംഎല്‍എ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് ചട്ടലംഘന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവില്ല. പൊതുജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികള്‍ സ്വീകരിക്കാത്ത നവ സദസ്സില്‍ ആള് കുറയുമെന്ന ആശങ്കയിലാണ് പ്രധാന അധ്യാപകര്‍ക്ക് ടാര്‍ജറ്റ് നല്‍കി കുട്ടികളെ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പല മേഖലയിലും ഇത് പോലെ ടാര്‍ജറ്റ് നല്‍കിയാണ് നവകേരള സദസ്സിന് ആളെ കൂട്ടുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സദസില്‍ കുട്ടികളെ പോലും നിറച്ച് നടത്തുന്ന ഈ ആഘോഷം വെറും ആഭാസകരമാണെന്ന്് കെപിഎ മജീദ് കുറ്റപ്പെടുത്തി.