നെടുമങ്ങാട്: പ്രണയിച്ച് ഏഴു വര്‍ഷം മുമ്പ് അരുവിക്കര വടക്കേമല സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളായ ശേഷം ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം മുക്കംപാലമൂട്ടിലുള്ള പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. കരകുളം നിലമി രാജേഷ് ഭവനില്‍ രാജേഷ് (30)നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീ പീഡനത്തിനും ബാലാവകാശ നിയമപ്രകാരവുമാണ് ഇയാളുടെ പേരില്‍ കേസ്സെടുത്തിട്ടുള്ളത്. വെമ്പായം സ്വദേശിനിയായ കാമുകിയും കേസില്‍ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. രാജേഷ് നാല് ദിവസം മുമ്പാണ് ഭാര്യയേയും കുട്ടികളെയും ഉപേക്ഷിച്ച് മുക്കംപാലമൂട്ടിലെ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി വട്ടപ്പാറ കണക്കോട്ട് വീട് വാടകയ്ക്ക് എടുത്ത് ഒളിവില്‍ താമസമായതെന്ന് അരുവിക്കര പൊലീസ് അറിയിച്ചു.