kerala

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

By webdesk14

April 28, 2024

ആ‌ലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനാണ് (27) പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42)  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ഗൂഗിള്‍ പേ വഴി പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാമെന്നും പകരം കാഷ് നല്‍കാനും യദുകൃഷ്ണ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ്  യദുകൃഷ്ണനെ പിടികൂടിയത്. പിടിയിലായ യദുകൃഷ്ണൻ  ആളുകളെ  കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.