ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പി.എന്‍.ബി) നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്.
രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ട് നീരവ് യു.കെ കോടതിയെ സമീപിച്ചതായി ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ്് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം സ്വകാര്യ കേസുകളിലെ വിവരങ്ങള്‍ കൈമാറ്റം ചെയ്യാനാകില്ലെന്ന് ബ്രിട്ടന്‍ ആഭ്യന്തര ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
വ്യാജരേഖകള്‍ നല്‍കി പി.എന്‍.ബിയുടെ 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോദിക്കെതിരായ കേസ്. നീരവിനു പുറമെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്. ഇവരെ കണ്ടെത്തി തിരിച്ചു കൊണ്ടുവരാന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഹോങ്കോങിലായിരുന്ന നീരവ് ന്യൂയോര്‍ക്കിലേക്കു കടന്നിരുന്നു. ഒരു ടിവി ചാനലിനു ലഭിച്ച സര്‍ക്കാര്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ജനുവരി ഒന്നിനു നീരവ് ഇന്ത്യയില്‍നിന്നു യു.എ.ഇയിലേക്കാണു പോയത്. യു.എ.ഇയിലെ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ അവിടുന്നു ഫെബ്രുവരി രണ്ടിനു ഹോങ്കോങിലേക്കു മുങ്ങുകയായിരുന്നു.
കേസില്‍ നീരവ് മോദി, അലഹാബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കും മൂന്നു കമ്പനികള്‍ക്കുമെതിരെ കഴിഞ്ഞ മാസം സി.ബി.ഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീരവിനു വിദേശ ബാങ്കുകളില്‍നിന്നു ഹ്രസ്വകാല വായ്പ തരപ്പെടുത്താന്‍ പി.എന്‍.ബിയില്‍നിന്ന് 2011 17 ല്‍ വ്യാജ ജാമ്യപത്രം (എല്‍.ഒ.യു) നല്‍കിയെന്നതാണു കേസ്. വിദേശ ബാങ്കുകളിലെ വായ്പ തിരിച്ചടവില്‍ വീഴ്ചവരികയും അവര്‍ പി.എന്‍.ബിയോടു പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തുവന്നത്. അതേ സമയം നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. 13637 കോടിയുടെ പി.എന്‍.ബി തട്ടിപ്പുകേസില്‍ നീരവ് മോദിയേയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയേയും അറസ്റ്റു ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടു മുമ്പാണ് ജനുവരി ആദ്യവാരം നീരവ് മോദി ഇന്ത്യ വിട്ടത്. കേസില്‍ മോദിക്കും ബന്ധുക്കള്‍ക്കുമെതിരെ സി. ബി.ഐ കേസെടുത്ത് അന്വേഷണം തുടരുകയാണ്. സി. ബി.ഐയുടെ അഭ്യര്‍ത്ഥന ഇന്റര്‍പോള്‍ ഉടന്‍ പരിഗണിക്കുമെന്നാണ് സൂ ചന.