പി ടി ഫിറോസ്
മെയ് മൂന്നിന് ഞായറാഴ്ച ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറ്റി അറുപതിലധികം കേന്ദ്രങ്ങളിലായി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്‌യുജി2026) നടക്കുകയാണ്. പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ താഴെക്കൊടുത്ത കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി പരീക്ഷക്ക് വേണ്ടി ഒരുങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക. * പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് www.neet.nta.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. അഡ്മിറ്റ് കാര്‍ഡിലെയും ഇന്‍ഫോര്‍മേഷന്‍ ബുള്ളറ്റിനിലെയും നിര്‍ദേശങ്ങള്‍ വായിച്ച് മനസ്സിലാക്കണം * അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രം, പരീക്ഷാ സമയം എന്നിവ പ്രത്യേകം പരിശോധിക്കണം. ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 5.00 വരെയാണ് പരീക്ഷ നടക്കുന്നത് * പരീക്ഷ തുടങ്ങുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും സെന്ററില്‍ എത്തിച്ചേരുന്നത് നന്നായിരിക്കും. ഉച്ചക്ക് 1.30നകം കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്ക് പ്രവേശനമുണ്ടാവില്ല. അവസാനനിമിഷ വെപ്രാളം ഒഴിവാക്കാന്‍ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക * അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ neetug2006@nta.ac.in എന്ന ഇ മെയില്‍ വിലാസത്തിലോ 01140759000/ 01169227700 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ് * ഭാവിയിലെ ഉപയോഗത്തിനായി അഡ്മിറ്റ് കാര്‍ഡ് സൂക്ഷിച്ച് വെക്കണം * അഡ്മിറ്റ് കാര്‍ഡിലും കണ്‍ഫര്‍മേഷന്‍ പേജിലും കൊടുത്ത വിവരങ്ങള്‍, ഫോട്ടോ, ഒപ്പ് എന്നിവയില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും ഇടയില്‍ (ഇന്ത്യന്‍ സമയം) ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക. അത്തരം സന്ദര്‍ഭങ്ങളില്‍, വിദ്യാര്‍ഥികള്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരീക്ഷയില്‍ ഹാജരാകാവുന്നതാണ്. ഡൂപ്ലിക്കേറ്റ് അഡ്മിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്നതല്ല. രേഖകളില്‍ വേണ്ട തിരുത്തലുകള്‍ വരുത്തുന്നതിന് ആവശ്യമായ നടപടി എന്‍ടിഎ പിന്നീട് സ്വീകരിക്കുന്നതാണ്. * അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തമായി യാതൊരുവിധ തിരുത്തലുകളും വരുത്താന്‍ പാടുള്ളതല്ല * വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി മെറ്റല്‍ ഡിറ്റക്ടറുകളുടെ സഹായത്തോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കും * പരീക്ഷക്കാവശ്യമായ പേന പരീക്ഷാഹാളില്‍ വെച്ച് നല്‍കുന്നതായിരിക്കും
പരീക്ഷക്ക് വരുമ്പോള്‍ നിര്‍ബന്ധമായും കരുതേണ്ടവ
* പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാര്‍ഡ് * അറ്റന്‍ഡന്‍സ് ഷീറ്റില്‍ പതിപ്പിക്കാന്‍ വേണ്ട പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഫോട്ടോയുടെ പകര്‍പ്പ്) * സാധുവായ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖ (പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്പോര്ട്ട്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച പ്ലസ്ടു പരീക്ഷ അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ പതിച്ച മറ്റേതെങ്കിലും സര്‍ക്കാര്‍ ഐഡി എന്നിവയില്‍ ഏതെങ്കിലും) * അഡ്മിറ്റ് കാര്‍ഡിനൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന പെര്‍ഫോമയില്‍ വെളുത്ത ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (4′ ഃ 6′ വലിപ്പത്തില്‍) പതിച്ചത് * ഭിന്നശേഷി വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്
പരീക്ഷാ ഹാളില്‍ ഇവ പാടില്ല
* അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകള്‍, കടലാസ് കഷ്ണങ്ങള്‍, ജ്യാമിതി/പെന്‍സില്‍ ബോക്സ്, പ്ലാസ്റ്റിക്പൗച്ച്, കാല്‍ക്കുലേറ്റര്‍, പേന, സ്‌കെയില്‍, റൈറ്റിംഗ് പാഡ്, പെന്‍്രൈഡവ്, ഇറേസര്‍, കാല്‍ക്കുലേറ്റര്‍, ലോഗ്ടേബിള്‍, ഇലക്ട്രോണിക് പേന/സ്‌കാനര്‍, കറക്ഷന്‍ ഫ്ലൂയിഡ് മുതലായവ * മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങള്‍, * പേഴ്സ്, ഹാന്‍ഡ്ബാഗ്, ബെല്‍റ്റ്, തൊപ്പി, ഹെയര്‍ ക്ലിപ്പ്, ഗോഗിള്‍സ് * വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, ക്യാമറ, മൈക്രോചിപ്പ്, ബ്ലൂടൂത്ത് ഉപകരണം * മോതിരം, കമ്മല്‍, മൂക്കുത്തി പോലെയുള്ള ആഭരണങ്ങള്‍/ലോഹവസ്തുക്കള്‍, * തുറന്നതോ പായ്ക്ക് ചെയ്തതോ ആയ ഭക്ഷണ സാധനങ്ങള്‍, വാട്ടര്‍ ബോട്ടില്‍ * പ്രമേഹ രോഗികളാണെങ്കില്‍ ഷുഗര്‍ ടാബ്ലറ്റ്/ നേന്ത്രപ്പഴം, ആപ്പിള്‍, ഓറഞ്ച് എന്നിങ്ങനെയുള്ള പഴങ്ങള്‍, സുതാര്യമായ പാത്രത്തില്‍ വെള്ളം എന്നിവ കരുതാം. ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിരിക്കണം. ഇവര്‍ക്കും ചോക്ലേറ്റ്, മിടായി, സാന്‍ഡ്വിച്ച് തുടങ്ങിയവ അനുവദിക്കില്ല
ഓര്‍ക്കേണ്ട മറ്റു പ്രധാന കാര്യങ്ങള്‍
* വിദ്യാര്‍ഥികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം പരീക്ഷാ കേന്ദ്രത്തില്‍ ഉണ്ടാവില്ല * ഹെവി ക്ലോത്ത്സ്/ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. നീണ്ട കൈ, വലിയ ബട്ടണുകള്‍, ഫ്ലോറല്‍ പ്രിന്റിങ് എന്നിവയുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം. * മതവിശ്വാസം മൂലമോ മറ്റു ആചാരത്തിന്റെ ഭാഗമായോ പ്രത്യേക വസ്ത്രരീതികള്‍ സ്വീകരിക്കുന്ന വിദ്യാര്‍ഥികള്‍ ദേഹപരിശോധനക്കായി പരീക്ഷക്ക് അവസാന റിപ്പോര്‍ട്ടിങ് സമയത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. * ഹൈ ഹീലുള്ള പാദരക്ഷകള്‍, ഷൂ, എന്നിവ അനുവദനീയമല്ല. * ടെസ്റ്റ് ബുക്ലെറ്റിന്റെ ആദ്യപേജിന്റെ മുകളില്‍ കാണിച്ച അത്രതന്നെ പേജുകള്‍ ബുക്ലെറ്റില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. അപാകങ്ങളുണ്ടെങ്കില്‍ ബുക്ലെറ്റ് മാറ്റി വാങ്ങണം. ടെസ്റ്റ് ബുക്ലെറ്റിന്റെ പേജുകള്‍ വേര്‍പ്പെടുത്തരുത് * പരീക്ഷ സമയം പൂര്‍ത്തിയാകുന്നത് വരെ വിദ്യാര്‍ഥികളെ ഹാള്‍ വിട്ടു പോകാന്‍ അനുവദിക്കുന്നതല്ല.