നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
പള്ളാത്തുരുത്തി ക്ലബ്ബ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.
ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.