kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയെ പിടികൂടി

By webdesk18

January 29, 2025

നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി പത്തരയോടെയാണ് ചെന്താമരയെ പോത്തുണ്ടി മാട്ടായിയിലുള്ള വീടിന് സമീപത്തെ വയലില്‍ നിന്ന് പിടികൂടിയത്. പോത്തുണ്ടി മലയിലായിരുന്ന ചെന്താമര വിശന്നപ്പോള്‍ മലയിറങ്ങിയതായിരുന്നു.

ഇന്നലെ രാത്രി പ്രതിയെ പോത്തുണ്ടി മലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതിക്കായുള്ള അന്വേഷണം അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ് വലയൊരുക്കിയത്. തിരച്ചില്‍ അവസാനിപ്പിച്ചതറിഞ്ഞതോടെയാണ് പോത്തുണ്ടിമലയില്‍നിന്ന് വീട്ടിലേക്ക് തിരിച്ച പ്രതിയെ വീടിന് സമീപത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരെ അറിയിക്കാതെ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം രാത്രി 11.15ഓടെ സ്വകാര്യ കാറില്‍ നെന്മാറ സ്റ്റേഷനില്‍ എത്തിച്ചു. പ്രതി പിടിയിലായ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.

2019ല്‍ അയല്‍വാസിയായ സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.