kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം ചെന്താമരയെ വിയൂര്‍ ജയിലിലേക്ക് മാറ്റും

By webdesk18

January 30, 2025

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയൂര്‍ ജയിലിലേക്ക് മാറ്റും. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ആലത്തൂര്‍ സബ്ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ചെന്താമരയെ വൈകിട്ട് 7ഓടെ ആലത്തൂര്‍ സബ് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് നെന്മാറ ഇരട്ടക്കൊലകേസ് പ്രതി ചെന്താമരയെ ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്.ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ നിന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണം എന്നായിരുന്നു കോടതിയില്‍ ചെന്താമരയുടെ ആവശ്യം. നൂറ് വര്‍ഷം വരെ ശിക്ഷിച്ചോളു എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. മകളുടെയും മരുമകന്റെയും മുന്നില്‍ തല കാണിക്കാന്‍ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകള്‍ എഞ്ചിനീയറാണെന്നും മകന്‍ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയില്‍ പറഞ്ഞിരുന്നു.

പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വ്യക്തമാക്കിയിരുന്നു. പൂര്‍വ്വവൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രം പറയുന്നു. ഇതിനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊടുവാള്‍ വാങ്ങിയിരുന്നു. തന്റെ പദ്ധതി കൃത്യമായി നടപ്പിലാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതി പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും പ്രതിയില്‍ നിന്നും അയല്‍വാസികള്‍ക്ക് തുടര്‍ച്ചയായി വധഭീഷണിയുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കിയിരുന്നു.