സമാധാന നൊബേല്‍ ആവശ്യപ്പെട്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇസ്രാഈലിന്റെ സമാധാന പുരസ്‌കാരം. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധവും സംഘര്‍ഷവും അവാനിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഫ്‌ലോറിഡയില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച ഫ്‌ലോറിഡയിലെ മാര്‍എലാഗോയിലെ ട്രംപിന്റെ വസതിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. 80 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രാഈലി പൗരനല്ലാത്ത ഒരാള്‍ക്ക് ‘ഇസ്രാഈല്‍ പുരസ്‌കാരം’ നല്‍കുന്നതെന്നും നെതന്യാഹു പറഞ്ഞു. ബഹുമതി അപ്രതീക്ഷിതവും ഏറെ വിലമതിക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചു.
‘പ്രസിഡന്റ് ട്രംപ് ആളുകളെ അത്ഭുതപ്പെടുത്താന്‍ പല പതിവുരീതികളും ലംഘിച്ചു, അതിനാല്‍ ഞങ്ങളും ഒരു പതിവ് ലംഘിക്കാന്‍ തീരുമാനിച്ചു. അതായത് 80 വര്‍ഷത്തിനിടെ ഇസ്രാഈലി അല്ലാത്ത ഒരാള്‍ക്ക് നല്‍കാത്ത ഇസ്രാഈല്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഇസ്രാഈലിനും ജൂത ജനതയ്ക്കും നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പാരിതോഷികമെന്നോണം ട്രംപിന് ഈ പുരസ്‌കാരം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു’ നെതന്യാഹു പറഞ്ഞു.
ഇതിനു മുമ്പ് ഒരിക്കലും സമാധാന പുരസ്‌കാരം നല്‍കിയിട്ടില്ല. ഇതാദ്യമായാണ് സമാധാന വിഭാഗത്തില്‍ ഇസ്രാഈല്‍ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ഇസ്രാഈലിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഇസ്രാഈല്‍ പുരസ്‌കാരം. പരമ്പരാഗതമായി ഭരണകൂടം ശാസ്ത്രം, കല, മാനവികത തുടങ്ങിയ മേഖലകളിലെ മികവിനാണ് ഇത് ഇസ്രാഈലി പൗരന്മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ 2025 ജൂലൈയില്‍, വിദേശിയായ ഒരാള്‍ക്ക് ഈ ബഹുമതി നല്‍കാന്‍ ഇസ്രായേല്‍ പുരസ്‌കാര നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ട്രംപിനെ തെരഞ്ഞെടുക്കുകയുമായിരുന്നു.
നേരത്തെ, ഫിഫയുടെ സമാധാന പുരസ്‌കാരം ട്രംപിന് ലഭിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന 2026 ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിനിടെയാണ് ഫിഫ ആദ്യ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടാന്‍ വളരെക്കാലമായി താത്പര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഫിഫയുടെ പ്രഥമ പുരസ്‌കാരം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഫിഫ ട്രംപിന് അവാര്‍ഡ് നല്‍കിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.
ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന് നൊബേല്‍ ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.